മോദിയെ വരവേൽക്കാൻ ചൈന ആവേശത്തിമിർപ്പിൽ
ഇരുപത്തിയഞ്ചാമത് ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്.സി ഒ)മീറ്റിങ്ങിന് ടിയാൻജിനിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ ആഘോഷപൂർവ്വം സ്വീകരിക്കാൻ ചൈന ഒരുങ്ങി. ആനയും ഡ്രാഗണും ഒന്നിച്ച് നീങ്ങണം എന്ന ചൈനയുടെ ഇന്ത്യയോടുള്ള മുൻ നിർദ്ദേശം വ്യക്തമാക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി മോദിയെ വരവേൽക്കാൻ ചൈന തയ്യാറെടുക്കുന്നത്.
ചൈനയിലെ സാമൂഹ്യ മാധ്യമങ്ങളിലും അതേപോലെ പരസ്യപ്പലകകളിലും ഇപ്പോൾ ഇന്ത്യൻ പഴമൊഴികൾ പ്രദർശിപ്പിക്കുന്നു. അമേരിക്കക്കുള്ള മറുപടി എന്നോണമാണ് ഈ വിധം ഇന്ത്യയുമായി കൈകോർക്കാൻ ചൈന തയ്യാറെടുക്കുന്നത്. ഇത്തവണത്തെ എസ് സി ഒ ഉച്ചകോടി മോദിയുടെ സാന്നിധ്യത്തിലൂടെ ആയിരിക്കും ലോകശ്രദ്ധ പിടിച്ചുപറ്റുക.
മോദിയുടെ സാന്നിധ്യത്തിന്റെ പിന്നിൽ റഷ്യയും ഉണ്ട് എന്നുള്ളതാണ് മറ്റൊരു സവിശേഷത. ലോകരാജ്യങ്ങളും ടിയാൻജിൻ ഉച്ചകോടിയെ ട്രംപിനുള്ള മറുപടിയായി ഉറ്റുനോക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞയാഴ്ച മോസ്കോയിൽ എത്തി പുടിനുമായി നിർണായക ചർച്ച നടത്തിയിരുന്നു.പിന്നാലെ ബ്രസീൽ പ്രസിഡൻറ് ലുല ഡാ സിൽവ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു മണിക്കൂർ നേരം ഫോൺ സംഭാഷണവും നടത്തി.ഇന്ത്യയ്ക്ക് പുറമേ അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയിട്ടുള്ള ഏക രാജ്യമാണ് ബ്രസീൽ. എസ് സി ഒ ഉച്ചകോടി നടക്കുന്നതോടൊപ്പം ബ്രിക്സും ലോക ശ്രദ്ധയിലേക്ക് ഉയർന്നുവരികയാണ്
