നോവുകൾക്ക് വിഷാദപൂർവം

പി.കെ ശ്രീനിവാസൻ
Wednesday, April 30, 2014 - 3:00pm

Grief painting by Cynthia Angeles

             (Grief - Painting by Cynthia Angeles)


ഏതുതരക്കാർക്കും ജീവിക്കാൻ പോരുന്ന നഗരമായിരുന്നു പഴയ മദ്രാസ്. ഇന്നത്തെ ചെന്നൈയിൽ നിന്ന്ഏറെ വ്യത്യസ്തം. എഴുപതുകളുടെ തുടക്കത്തിൽ ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന്‌ സാധരണക്കാർ ഈ മഹാനഗരത്തിലേയ്ക്ക് കുടിയേറിയത് പട്ടിണിയിൽ നിന്ന്‌ മോചനം നേടാനായിരുന്നു. അതിൽ ഭൂരിഭാഗം പേരും വന്നത്‌ സിനിമയിൽ എന്തെങ്കിലുമൊക്കെ ആകാമെന്ന ചിന്തയിലും. അന്നൊക്കെ മൗണ്ടുറോഡിലെ ഓരങ്ങളിൽ നിന്ന് ഒരു രൂപയ്ക്ക് വിശപ്പടക്കാൻ ആവശ്യമായ ഊണു ലഭിക്കുമായിരുന്നു.

 

സിനിമാസെറ്റുകളിൽ പണിയെടുക്കുന്നവർക്കു പോലും നന്നായി ജീവിക്കാൻ പോരുന്ന വരുമാനം. സെറ്റുകളിൽ ആൾക്കൂട്ടം സൃഷ്ടിക്കാൻ നിരവധി 'നടീനടന്മാരെ' വേണമായിരുന്നു. അന്ന് ജൂനിയർ ആർട്ടിസ്റ്റ് അസ്സോസിയഷനൊന്നും രൂപം കൊണ്ടിരുന്നില്ല. സിനിമയിൽ സമരത്തിനും ജാഥയ്ക്കും കല്യാണത്തിനും മരണത്തിനുമൊക്കെ ആൾക്കാരെ കൂട്ടാൻ ഏജന്റുമാർ പരക്കം പാഞ്ഞു. റോഡിൽ തെണ്ടി നടന്ന പാവങ്ങളെ അവർ കുപ്പായം കൊടുത്തു സെറ്റിലേയ്ക്ക് ആനയിച്ചു. വൈകുന്നേരം ദിവസക്കൂലി നൽകി അവരെ യാത്രയാക്കി. കമ്മീഷൻ സ്വന്തം പോക്കറ്റിൽ തിരുകാൻ അവർ മറന്നില്ല. അടുത്ത ദിവസം മറ്റൊരു സ്റ്റുഡിയോ ഫ്ലോറിൽ എത്താൻ അവർക്ക് ഏജന്റ് നിർദ്ദേശം നൽകുകയും ചെയ്തു. അങ്ങനെ ജീവിക്കാൻ വേണ്ടി മദ്രാസ് നഗരത്തിലെത്തിയ പാവങ്ങൾക്ക്‌ സിനിമയിൽ ചാൻസ് ലഭിച്ചു. അവർ കോടമ്പാക്കത്തിന്റെ കാണാക്കോണുകളിൽ തമ്പടിച്ചു. എന്നാൽ അഭിനയിക്കാനും സംവിധാനം ചെയ്യാനുമെത്തിയവർ മറ്റു പണികൾക്കു പോകാതെ, ആൾക്കൂട്ടത്തിൽ അലിയാതെ കാത്തിരുന്നു. എംജിആറും ശിവാജിയും രജനീകാന്തും കമലഹാസനും ജയലളിതയും കെ.ആർ.വിജയയും ഭാരതീരാജയും ബാലചന്ദറുമൊക്കെ ആകാൻ അവർ കാത്തുകിടന്നു. അവരിൽ ചിലർ ജീവിക്കാൻ വഴിയില്ലാതായപ്പോൾ ജൂനിയർ ആർട്ടിസ്റ്റുകളായി മാറി വിശപ്പടക്കി. കേരളത്തിൽ നിന്നും നിരവധി താര-സംവിധായക മോഹികൾ ഈ സിനിമാനഗരത്തിലേയ്ക്ക്കാലാകാലങ്ങളിൽ ഇരച്ചുകയറി.

 

അങ്ങനെ എഴുപതുകളുടെ മധ്യത്തോടെ കോടമ്പാക്കത്ത് എത്തിയവരിൽ ഒരാളായിരുന്നു സുനന്ദാ വർമ്മ. (ക്ഷമിക്കുക, സൗകര്യത്തിനായി പേരുമാറ്റിയിരിക്കുന്നു) കാണാൻ ഭംഗിയുണ്ട്. ആരെയും വശീകരിക്കുന്ന സംഭാഷണം. ശാന്തസ്വഭാവം. ക്യാരക്ടർ റോളിനു പറ്റിയ ശരീരപ്രകൃതം. വയസ്സ് മുപ്പത്തഞ്ചോളം വരും. ഭർത്താവ്‌ വർമ്മയുമായി അത്ര ചാർച്ചയിലല്ല. ബന്ധം വേർപെട്ടെന്നു തന്നെ പറയാം. ഒരു മകളുണ്ട്- സൗമിത്രാ വർമ്മ.

 

അഭിനയിക്കാൻ മോഹവുമായി നടക്കുന്ന കാലത്താണ്‌ സുനന്ദാ വർമ്മ തൃശൂരിൽ ഒരു ഷൂട്ടിംഗ് കാണാൻ പോയത്. ചിത്രത്തിൽ സത്യൻ അഭിനയിക്കുന്നു. സത്യൻ അന്നു കത്തിനിൽക്കുന്ന കാലം.ഒന്നു നേരിൽ കണ്ടാൽ അവസരം കിട്ടിയാലോ. ശ്രമിക്കുക തന്നെ. അങ്ങനെ സത്യനെ സെറ്റിൽ വച്ചു സുനന്ദ കാണുന്നു. തന്റെ മനസ്സിലിരിപ്പ് അവതരിപ്പിക്കുന്നു. സുനന്ദയെ സത്യനു ബോധിച്ചു. പക്ഷേ, സംവിധായകനോട്‌ റെക്കമന്റു ചെയ്താലും ഫലമില്ല. കാരണം ഈ ചിത്രത്തിന്റെ പണി ഏതാണ്ട് തീരാറായിരിക്കുന്നു. ഒരു വഴിയുണ്ട്. മദ്രാസിനു വണ്ടികയറുക. സംവിധായകരും നിർമ്മാതാക്കളുമൊക്കെ അവിടെയാണ് തമ്പടിച്ചിരിക്കുന്നത്. വന്നാൽ ചാൻസ് കിട്ടാതിരിക്കില്ല. താനും സഹായിക്കാമെന്ന്‍ സത്യൻ വാക്കു കൊടുക്കുന്നു.

 

അങ്ങനെ സിനിമാനഗരമായ കോടമ്പാക്കത്തിന്റെ ഹൃദയത്തിലേയ്ക്ക് മംഗലാപുരം ഒന്നാം നമ്പർ വണ്ടിയിലേറി സുനന്ദ യാത്രയാകുന്നു, ഒറ്റയ്ക്ക്. സിനിമയുടെ സൗഭാഗ്യങ്ങളിൽ തന്റെ ജീവിതം ധന്യമാകുമെന്ന് അവരുടെ അന്ത:കരണം മന്ത്രിച്ചു കൊണ്ടിരുന്നു. കോടമ്പാക്കത്തിന്റെ അതിർത്തിയിലുള്ള വിരുഗംപാക്കം എ. വി.എം കോളനിക്ക്‌ സമീപം ഒരു വാടകവീടെടുത്ത് അവർ താമസമാക്കി. അന്നൊക്കെ സിനിമാക്കാർക്ക്‌ വീടു കിട്ടുക പ്രയാസമായിരുന്നു. സിനിമയിലുള്ളവർ കൃത്യമായ വരുമാനമില്ലാത്തവരാണ്. വാടക സമയത്ത് കിട്ടുക പ്രയാസമാകുമെന്ന്‌ വീട്ടുടമകൾക്ക് അറിയാം. പക്ഷേ സുനന്ദക്ക്‌ വീടു കിട്ടി. അവരെ കണ്ടപ്പോൾ കുഴപ്പക്കാരിയല്ലെന്നു ഉടമ കരുതിക്കാണണം.

 

sathyanഇനി സത്യനെ കണ്ടെത്തുക. സഹായിക്കാമെന്ന വാക്ക് അദ്ദേഹം മറന്നിട്ടുണ്ടാവില്ലല്ലോ. വളരെ ശ്രമപ്പെട്ട് അവർ തിരക്കുള്ള സത്യനെ കണ്ടെത്തി. സത്യൻ ഇത്തരം തമാശകൾ ധാരാളം കണ്ടിട്ടുള്ളയാണല്ലോ. സുനന്ദ തന്റെ കാര്യം അവതരിപ്പിച്ചു. പലതവണ അദ്ദേഹത്തിന്റെ താവളത്തിൽ പോയി കാണുകയും ചെയ്തു. പിന്നെ ക്രമേണ സത്യന്റെ താൽപര്യം കുറഞ്ഞു. കാര്യമായ സഹായമൊന്നും പ്രതീക്ഷിച്ച പോലെ ഉണ്ടായില്ല. അവർ പിന്നീട്‌ സത്യനെ അന്വേഷിച്ചില്ല. അന്വേഷിച്ചിട്ട് കാര്യമില്ലെന്ന്‍ അവർക്കു ബോധ്യമായി. സ്വന്തം ശ്രമഫലമായി ചില ചിത്രങ്ങളിൽ അവസരം ലഭിച്ചു. കൊച്ചുകൊച്ചു വേഷങ്ങൾ. നിത്യവൃത്തിക്ക് അതല്ലാതെ മാർഗമില്ല. ആയിടക്കാണ് മകൾ സൗമിത്ര കൂടി മദ്രാസിലെത്തിയത്. അപ്പോൾ സുനന്ദയുടെ പ്രാരാബ്ധം അധികമായി. ഒരുപക്ഷേ സത്യൻ ക്ഷണിച്ചില്ലായിരുന്നെങ്കിൽ അവർ ആഢ്യമായ തറവാടിൽ നിന്ന് കോടമ്പാക്കത്തിന്റെ ദുരന്തങ്ങളിൽ എത്തിപ്പെടില്ലായിരുന്നു. പട്ടിണിയുടെ കടുത്ത സ്വാദ് അവരെ വേട്ടയാടില്ലായിരുന്നു. മാന്യതയുടെ കാഴ്ചത്തുരുത്തുകളിൽ തിമിരം ബാധിക്കില്ലായിരുന്നു.

 

കോടമ്പാക്കത്തെ സെറ്റുകളിൽ നിന്നു സെറ്റുകളിലേയ്ക്ക് അവർ ചാൻസു തേടി സഞ്ചരിച്ചു. പലപ്പോഴും നിരാശയായിരുന്നു ഫലം. ഒടുവിൽ ഒന്നോ രണ്ടോ മണിക്കൂർ ജീവിതം ആസ്വദിക്കാൻ താവളം തേടിയെത്തുന്നവർക്ക്‌ സുനന്ദ തന്റെ വാടക വീട് വിട്ടുകൊടുത്തു. അവർ കൊടുത്ത പണം തികയാതെയായി. ഒടുവിൽ സൗമിത്ര അതിഥികളെ സ്വീകരിക്കാൻ സന്നദ്ധയായി. അവളുടെ ശരീരം സ്വീകരിക്കാൻ സിനിമാരംഗത്തു നിന്നുതന്നെ പലരുമെത്തി. അപ്പോൾ പട്ടിണിയില്ലാതെ ജീവിക്കാമെന്നായി. സിനിമയിലുള്ള നടീനടന്മാരും ഇണകളുമായി അവിടെ താവളം തേടിയെത്തി. പണം കൊടുത്തു ജീവിതം ആസ്വദിച്ചു അവർ മടങ്ങി. കാലക്രമത്തിൽ സൗമിത്രയും തളർന്നു. ഇരുവരേയും രോഗങ്ങൾ വേട്ടയാടിത്തുടങ്ങി.

 

ആയിടയ്ക്കാണ്‌ കോഴിക്കോട്ടു നിന്ന്‌ യുവാക്കളായ വിപിനും മനോഹരിയുമെത്തുന്നത്. കാമുകിയും കാമുകനും. വീട്ടുകാരറിയാതെ അവർ ഒളിച്ചോടിയെത്തിയതാണ്. മാത്രമല്ല മനോഹരി എട്ടുമാസം ഗർഭിണിയുമാണ്. ആരോ കൊടുത്ത സുനന്ദയുടെ മേൽവിലാസം തേടിപ്പിടിച്ചാണ് അവർ എത്തിയിരിക്കുന്നത്. രണ്ടാഴ്ച അവർ അവിടെ താമസിച്ചു. ഉടൻ മുംബൈയ്ക്ക് പോയേ മതിയാകൂ എന്ന് അയാൾ പറഞ്ഞു. ഭാര്യയെ സുനന്ദയെ ഏൽപ്പിച്ച് അയാൾ യാത്രയായി. താമസിയാതെ മടങ്ങി വരുമെന്ന വാക്കും കൊടുത്തിരുന്നു. അടുത്ത മാസം മനോഹരി പ്രസവിച്ചു. പെൺകുഞ്ഞ്. കൈവശമുണ്ടായിരുന്ന തുച്ഛമായ ആഭരണങ്ങളൊക്കെ വിറ്റു ചിലവിനു പണം കണ്ടെത്തി. ദിവസങ്ങൾ കഴിഞ്ഞു. കുഞ്ഞിന്റെ ചിലവു വർദ്ധിച്ചു തുടങ്ങി. പക്ഷേ വിപിൻ മടങ്ങി വന്നില്ല. അമ്മയും കുഞ്ഞും അവർക്ക് ഭാരമായി. നാട്ടിൽ പോയി വരാമെന്നായി മനോഹരി. കുഞ്ഞിനെ കൊണ്ടുപോകാൻ പറ്റില്ല. വീട്ടുകാരറിഞ്ഞാൽ കഴുത്തുപോകും. അപകടമാണ്. സുനന്ദ സമ്മതം മൂളി. അവൾ പോയി. പിന്നെ വന്നില്ല. കൊടുത്ത മേൽവിലാസം തെറ്റായിരുന്നു. തുടർന്ന് കുഞ്ഞിനെ വളർത്താനുള്ള ബദ്ധപ്പാടായി.

 

കുഞ്ഞിനു അഞ്ചുവയസ്സായി. വരുമാനം കുറഞ്ഞു. സുനന്ദക്ക് പ്രമേഹത്തിന്റെ അസുഖം വർദ്ധിച്ചു. താവളം തേടി ആരും വന്നില്ല. വളരെ കുറഞ്ഞ വാടകയ്ക്കുള്ള വീട്ടിൽ പലരും എത്താൻ മടിച്ചു. പഴയ ഉപഭോക്താക്കൾ സ്റ്റാർ ഹോട്ടലുകളോ മോടിയിലുള്ള ഗസ്റ്റുഹൗസുകളോ തേടിപ്പോയി. നിത്യച്ചെലവിനു വേണ്ടി അവർ പല പരിചയക്കാരെയും നേരിൽ കണ്ടു. നല്ലകാലത്ത് തന്റെ വീടു പലതിനും താവളമാക്കിയവരെ സന്ധിച്ചു. സഹായം യാചിച്ചു. ചിലർ ചില്ലറ കൊടുത്തു. ചിലർ അവരെ ആട്ടിപ്പുറത്താക്കി. കാലിൽ വ്രണങ്ങളായപ്പോൾ അവർക്ക് നടക്കാൻ വയ്യാതെയായി. നടന്നാൽ കാലിൽ നിന്ന് ഭൂമിയിൽ രക്തം വാർന്നിറങ്ങും. അവർ പതുക്കെ അബോധാവസ്ഥയിലായി. കുട്ടിയേയും കൊണ്ട് സൗമിത്ര എങ്ങോ പോയി. സുനന്ദയുടെ അവസ്ഥ കഷ്ടത്തിലായി. ആശുപത്രിയിലെത്താൻ പോലും കഴിയാതെ അവർ കിടപ്പിലായി. ഓർമ്മകൾ പതുക്കെപതുക്കെ എങ്ങോ നഷ്ടപ്പെട്ടു തുടങ്ങി. പിന്നെ ആരുമറിയാതെ എവിടെയോ കിടന്നു മരിച്ചിട്ടുണ്ടാവണം. പരിസരവാസികൾ അവരെയും എ.വി.എം ശ്മശാനത്തിലെത്തിച്ചിരിക്കണം. വീടു നഷ്ടപ്പെട്ട സൗമിത്രയും കുഞ്ഞും എവിടെപ്പോയെന്ന്‍ ആർക്കുമറിയില്ല. കോടമ്പാക്കത്തിന്റെ ഓർമ്മത്തെറ്റിൽ അവരും വിലയം പ്രാപിച്ചിരിക്കണം. സുനന്ദക്ക് ആരും ദുഃഖിതരുടെ സ്മാരകമുയർത്തിയില്ല. ആയിരക്കണക്കിന് അനാഥാത്മാക്കളുടെ കൂട്ടത്തിൽ അവരും കോടമ്പാക്കത്തിന്റെ നരച്ച ആകാശങ്ങളിൽ ചുറ്റിത്തിരിയുന്നുണ്ടാവണം, അടുത്ത ജന്മത്തിൽ സൂപ്പർതാരമാകണേ എന്ന പ്രാർത്ഥനയോടെ.


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് പി.കെ ശ്രീനിവാസന്‍.

Tags: