Skip to main content
കൈറോ

ഈജിപ്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‍ പുറത്താക്കപ്പെട്ട മൊഹമ്മദ്‌ മൊര്‍സിയെ അനുകൂലിച്ച് ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് ശനിയാഴ്ച നടത്തിയ പ്രകടനത്തിന് നേരെ വെടിവെപ്പ്. 80 പേര്‍ കൊല്ലപ്പെട്ടതായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 792 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

ഉടന്‍ പിരിഞ്ഞുപോകാനുള്ള അധികൃതരുടെ ആവശ്യത്തെ അവഗണിച്ച് ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ തലസ്ഥാനമായ കൈറോവിലെ ഒരു പള്ളിയില്‍ ഞായറാഴ്ച ഒത്തുകൂടിയിരിക്കുകയാണ്. 2011-ല്‍ പട്ടാള ഭരണാധികാരി ഹോസ്നി മുബാറക്കിനെ പുറത്താക്കിയ ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷത്തിനാണ് ഈജിപ്ത് സാക്ഷ്യം വഹിക്കുന്നത്. ഇടക്കാല സര്‍ക്കാറിനെ അനുകൂലിക്കുന്നവര്‍ തഹ്രീര്‍ ചത്വരത്തിലും തമ്പടിക്കുന്നുണ്ട്.

 

മൊര്‍സിയെ അനുകൂലിക്കുന്നവരും ബ്രദര്‍ഹുഡിനെ എതിര്‍ക്കുന്നവരും വെള്ളിയാഴ്ച നടത്തിയ വന്‍ റാലികള്‍ക്ക് ശേഷമാണ് ശനിയാഴ്ച പുലര്‍ച്ചെ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പോലീസ് യൂണിഫോമില്‍ ഹെല്‍മെറ്റ്‌ ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് ബ്രദര്‍ഹുഡ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ 61 പേര്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് കഴിയുന്നതെന്നും ബ്രദര്‍ഹുഡ് അറിയിച്ചു.

 

ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ സൈനിക മേധാവി അബ്ദുല്‍ ഫത്തേ അല്‍-സിസിയുടെ നേതൃത്വത്തില്‍ ജൂലൈ മൂന്നിന് മൊര്‍സിയെ പുറത്താകിയ ശേഷം ഈജിപ്തില്‍ നടക്കുന്ന അക്രമങ്ങളില്‍ ഇതിനകം 200-ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.