ആഗോള താപനത്തിന്റെ ഉത്തരവാദിത്വം 95 ശതമാനവും മനുഷ്യന്റെ പ്രവൃത്തികള്‍ക്ക് ആണെന്ന് വ്യക്തമാക്കി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അന്തര്‍സര്‍ക്കാര്‍ പാനല്‍ ഐ.പി.സി.സിയുടെ അഞ്ചാമത് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച സ്റ്റോക്ക്ഹോമില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ ഈ കണക്ക് 2007-ലെ പാനലിന്റെ നിര്‍ണ്ണായക റിപ്പോര്‍ട്ടില്‍ നിന്ന്‍ അഞ്ച് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.
600-ല്‍ അധികം വരുന്ന ശാസ്ത്രജ്ഞരും ഗവേഷകരുടേയും ഏഴു വര്‍ഷത്തെ പരീക്ഷണങ്ങളുടെ പ്രതിഫലനമാണ് റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 50,000-ത്തില്‍ അധികം പഠനങ്ങള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്ദ്രത വ്യവസായ യുഗത്തിന് മുന്‍പ് ഉണ്ടായിരുന്നതിനെക്കാളും 40 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 1950-കള്‍ക്ക് ശേഷമുള്ള വര്‍ധന 20 ശതമാനമാണ്. ആഗോള താപനിലയില്‍ വ്യവസായ യുഗത്തിന് മുന്‍പ് ഉണ്ടായിരുന്നതിനെക്കാളും ഒരു ഡിഗ്രീ സെല്‍ഷ്യസ് വര്‍ധന ഉണ്ടായിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലം അടുത്ത നൂറ്റാണ്ടില്‍ എന്തായിരിക്കുമെന്നതിന്റെ ചില മാതൃകകളും റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു. 2100-ഓടെ സമുദ്രനിരപ്പ് ശരാശരി 26 മുതല്‍ 82 സെന്റിമീറ്റര്‍ വരെ ഉയരാമെന്ന നിഗമനമാണ് ഇതില്‍ പ്രധാനം. എന്നാല്‍, ഇത് 98 സെന്റിമീറ്റര്‍ വരെയാകാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. താപനിലയില്‍ ശരാശരി 2 ഡിഗ്രീ സെല്‍ഷ്യസ് വര്‍ധനയും റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. മാതൃകകളിലെ കുറഞ്ഞ വര്‍ധന 0.3 സെല്‍ഷ്യസും കൂടിയത് 4.8 സെല്‍ഷ്യസുമാണ്.
ദശാബ്ദങ്ങള്‍ മുതല്‍ സഹസ്രാബ്ദങ്ങള്‍ വരെയുള്ള കാലയളവുകളില്‍ കാണപ്പെടാത്ത മാറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് ഐ.പി.സി.സി അധ്യക്ഷന്‍ രാജേന്ദ്ര പച്ചൌരി പറഞ്ഞു. 2015-ല്‍ നടപ്പില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്ന ആഗോളതാപനം സംബന്ധിച്ച യു.എന്‍ ഉടമ്പടിയിന്മേലുള്ള പ്രവര്‍ത്തനം ത്വരിത ഗതിയിലാക്കാനുള്ള ആഹ്വാനമാണ് റിപ്പോര്‍ട്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.