തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറില്‍ നിന്ന് തങ്ങളുടെ സ്ഥാനപതികളെ പിന്‍വലിച്ചു. മൂന്നു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം ഖത്തറിനെ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പു വരുത്തുന്നതിനു ജി.സി.സി അംഗീകരിച്ച കരാര്‍ പാലിക്കുന്നതില്‍ ഖത്തര്‍ വീഴ്ച വരുത്തുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. കുറ്റവാളികളെ കൈമാറുക, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക, സ്റ്റേറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളേയും സംഘടനകളെയും സഹായിക്കാതിരിക്കുക, അതിര്‍ത്തി സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് കരാറിലെ വ്യവസ്ഥകള്‍.
ഈ നടപടിയില്‍ ഖത്തര്‍ ഖേദം പ്രകടിപ്പിച്ചു. യു.എ.ഇ, സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് തങ്ങളുടെ അംബാസഡര്‍മാരെ പിന്‍വലിക്കില്ലെന്ന് ഖത്തര്‍ അറിയിച്ചു. ജി.സി.സിക്ക് പുറത്തുള്ള വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്മേല്‍ നയതന്ത്രജ്ഞരെ പിന്‍വലിക്കില്ല എന്നാണ് ഖത്തര്‍ വിശദമാക്കിയത്. 1981-ല്‍ ജി.സി.സി രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ഇത്തരമൊരു കടുത്ത നടപടി സ്വീകരിക്കുന്നത്. ഒമാന്‍, കുവൈറ്റ് എന്നിവയാണ് ജി.സി.സിയില്‍ അംഗത്വമുള്ള മറ്റ് രാജ്യങ്ങള്‍