Skip to main content
സൗദി അറേബ്യ

muslim brotherhoodമുസ്ലീം ബ്രദര്‍ഹുഡിനെ സൗദി അറേബ്യ തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ചു. മുസ്ലീം ബ്രദര്‍ഹുഡിനോടുള്ള അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്നും അംബാസിഡറെ തിരിച്ചുവിളിച്ചതിന്റെ തുടര്‍ച്ചയായാണ് ഈ പുതിയ തീരുമാനം. അല്‍ ക്വയ്ദയുമായി ബന്ധമുളള നുസ്‌റ ഫ്രണ്ട്, ഐ.എസ്.ഐ തുടങ്ങിയ സംഘടനകളോടൊപ്പമാണ് സൗദി അറേബ്യ മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.

 


സിറിയയില്‍ പോരാട്ടം തുടരുന്ന സൗദി പൗരന്‍മാര്‍ 15 ദിവസത്തിനകം സൗദിയിലേക്ക് തിരച്ചുവരണമെന്നും സൗദി ആവശ്യപ്പെട്ടു. ഭീകരപട്ടികയില്‍പ്പെട്ട സംഘടനകളെയോ ഗ്രൂപ്പുകളെയോ രാജ്യത്തിനകത്തോ പുറത്തോ പിന്തുണക്കുന്നതും അനുഭാവം പുലര്‍ത്തുന്നതും നിരോധിച്ചിട്ടുണ്ട്. നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതും ശത്രു രാജ്യവുമായി ഏതെങ്കിലും അര്‍ഥത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

 


കടുത്ത നിലപാടുകളുള്ള ഇസ്ലാമിസ്റ്റ് സംഘടനകളേയാണ് സൗദി അറേബ്യ ഇപ്പോള്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര, വിദേശ, ഇസ്ലാമികകാര്യ, നീതിന്യായമന്ത്രാലയങ്ങളും പബ്‌ളിക് പ്രോസിക്യൂഷന്‍ വിഭാഗവും ചേര്‍ന്ന പ്രത്യേക സമിതിയാണ് ഭീകര സംഘടനകളുടെ പട്ടിക തയ്യാറാക്കിയത്. പുതിയ ഉത്തരവ് പ്രകാരം മതനിരാസ പ്രവര്‍ത്തനങ്ങളും ഇസ്ലാം മതത്തില്‍ ആശയകുഴപ്പങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും സൗദിയില്‍ നിരോധിച്ചിട്ടുണ്ട്.