ഈജിപ്തില്‍ നിരോധിക്കപ്പെട്ട സംഘടന മുസ്ലിം ബ്രദര്‍ഹുഡിന്റെ 529 പ്രവര്‍ത്തകരെ ഒരു കോടതി വധശിക്ഷയ്ക്ക് വിധിച്ചതായി പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു. ബ്രദര്‍ഹുഡ് നേതാവായിരുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് മോര്‍സിയെ സൈന്യം ഇടപെട്ട് പുറത്താക്കിയ ശേഷം സംഘടന നേരിടുന്ന അടിച്ചമര്‍ത്തല്‍ നടപടികളില്‍ ഏറ്റവും രൂക്ഷമായ ഒന്നാണിത്.
മോര്‍സിയെ പുറത്താക്കിയതിനെ തുടര്‍ന്ന്‍ കൈറോയില്‍ പ്രതിഷേധം നടത്തിയ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൂടാരങ്ങള്‍ കഴിഞ്ഞ ആഗസ്തില്‍ ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെ അറസ്റ്റില്‍ ആയവരാണ് ഇവരില്‍ ഭൂരിപക്ഷവും. കഴിഞ്ഞ ജൂലൈയിലാണ് മോര്‍സിയ്ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ അട്ടിമറി നടന്നത്.
തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടക്കാല സര്‍ക്കാര്‍ ബ്രദര്‍ഹുഡിനെ തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചിരുന്നു. ഇതിന് ശേഷം നൂറുകണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ സുരക്ഷാസേനകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ അറസ്റ്റില്‍ ആകുകയും ചെയ്തിട്ടുണ്ട്.
