ന്യൂഡല്‍ഹി: തെലുങ്ക് സാഹിത്യത്തിലെ അതികായന്‍ രാവുറി ഭരദ്വാജക്ക് 2012ലെ ജ്ഞാനപീഠം അവാര്‍ഡ്. കവി സീതാകാന്ത് മഹാപാത്ര അധ്യക്ഷനായ സമിതിയാണ് 86 കാരനായ ഭാരദ്വാജയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
ഭരദ്വാജയുടെതായി 37 കഥാസമാഹാരങ്ങളും 17 നോവലുകളും പുറത്തുവന്നിട്ടുണ്ട്. കവിത, നാടകം, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, ജീവചരിത്രം, പ്രബന്ധം എന്നിങ്ങനെ ഏതാണ്ടെല്ലാ സാഹിത്യ മേഖലകളിലും അദ്ദേഹത്തിന്റെ രചനകളുണ്ട്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഇന്ന്‍ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകങ്ങള്‍ ആണ്.
കഥ പറയുന്നതിലുള്ള അനായാസതയാണ് ഭാരദ്വാജയുടെ ഏറ്റവും പ്രധാന ഗുണമെന്ന് അവാര്‍ഡ് കമ്മിറ്റി പറഞ്ഞു. എഴുത്തുകാരന് സാമൂഹ്യ ബോധത്തോടെ രചനകള്‍ നടത്താമെന്ന് തെളിയിച്ച അദ്ദേഹത്തിന്റെ സൃഷ്ടികള്‍ മാനുഷിക ലക്ഷ്യത്തോടെയുള്ളതാണെന്ന് കമ്മിറ്റി വിലയിരുത്തി.
കാദംബരി, പക്കുടുരല്ലു, ജീവന സമരം, ഇനുപു തെര വെനുക, കൌമുദി എന്നിവയാണ് അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ രചനകള്‍. വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും ഇവയില്‍ പലതും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, തെലുഗു അക്കാദമി അവാര്‍ഡ്, ബാലസാഹിത്യ പരിഷത്ത് അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തെ നാഗാര്‍ജുന സര്‍വകലാശാല ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്.