Skip to main content

സ്വപ്നയുടെ മക്കൾ ലഹരി തേടിയാൽ അത് സ്വാഭാവികം

Glint Staff
Swapna, Corporation,Kochi
Glint Staff

കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്ന .അവരെ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി.അപ്പോൾ അവരോടൊപ്പം അവരുടെ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു.
          വൈറ്റിലയിൽ വെച്ചാണ് സ്വപ്ന വിജിലൻസ് പിടിയിലാകുന്നത്. കെട്ടിട നിർമ്മാണത്തിനായി പ്ലാൻ സമർപ്പിച്ച വ്യക്തിയിൽ നിന്ന് 15,000 രൂപ വാങ്ങുന്നതിനിടയിൽ . കുട്ടികളുമായി ഷോപ്പിംഗ് നടത്തി സ്വന്തം നാടായ തൃശ്ശൂരിലെ മണ്ണുത്തിയിലേക്ക് പോകാനുള്ള വഴിയിലുമായിരുന്നു അവർ.
    ഇവിടെ അവരുടെ മൂന്ന് കുട്ടികളിലേക്ക് നോക്കുക. അവരുടെ അമ്മ അറസ്റ്റിലാകുന്നു.അറസ്റ്റിലാകുന്ന ചിത്രം ലോകം മുഴുവൻ കാണുന്നു. നാളെ മുതൽ അവർ കൈക്കൂലിക്കാരിയുടെ മക്കൾ. വിദ്യാർത്ഥികളായ അവർ സഹപാഠികളെ നേരിടേണ്ടി വരുന്നു.അധ്യാപകരെ നേരിടേണ്ടി വരുന്നു.അയൽക്കാരെയും ബന്ധുക്കളെയും നേരിടേണ്ടി വരുന്നു. എന്തിന് അവർക്ക് സ്വയം കണ്ണാടി പോലും നോക്കാൻ വിമുഖത ഉണ്ടാവുന്ന ഒരു അവസ്ഥ. 
       ഇങ്ങനെയുള്ള അവസ്ഥയിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷം ഒന്നാലോചിക്കുക. ഏതൊരു വ്യക്തിയും തങ്ങളുടെ അച്ഛനമ്മമാർ മോശക്കാരാണെന്ന് സമ്മതിക്കാൻ പ്രയാസമാണ്. എന്നാൽ തങ്ങളുടെ അമ്മ കള്ളിയാണെന്ന് ഈ കുഞ്ഞുങ്ങൾ കൺവെട്ടത്ത് കാണുന്നു. അവിടെ തകരുന്നത് അവരുടെ അമ്മ എന്ന ഉള്ളിൽ എക്കാലത്തും വിശുദ്ധമായി നിൽക്കേണ്ട ഒരു ബിംബമാണ്. 
       അമ്മയുടെ തകർന്ന ബിംബം.ഒപ്പം അറസ്റ്റിലാകുന്ന അവരെ ഓർത്തുള്ള ദുഃഖം. മൊത്തത്തിൽ സമൂഹത്തിൽ നിന്ന് നേരിടുന്ന അവഹേളനം. ഇങ്ങനെയൊക്കെയുള്ള ഒരു സാഹചര്യത്തിൽ കുട്ടികൾ ലഹരിയിൽ അഭയം തേടിയാൽ അതിനെ അവരുടെ നിവൃത്തികേട് എന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ. സ്വപ്നയിലേക്ക് നോക്കിയാൽ എന്തുകൊണ്ട് കുട്ടികൾ ലഹരിക്കടിമകളാകുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടും