ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്താകാന്‍ ഇനി മുതൽ നിരീക്ഷണക്കപ്പലായ ഐ.എന്‍.എസ്.സുനൈനയും. ദക്ഷിണനാവിക കമാന്‍ഡിനു കീഴിലുള്ള ഈ നിരീക്ഷണക്കപ്പല്‍ ചൊവ്വാഴ്ച വൈസ് അഡ്മിറല്‍ സതീഷ് സോണി നീറ്റിലിറക്കി. കടല്‍ക്കൊള്ളയും കടല്‍വഴിയുള്ള തീവ്രവാദ പ്രവര്‍ത്തനവും തടയുന്നതിന് നേവല്‍ ഓഫ്ഷോര്‍ പെട്രോള്‍ വെസല്‍(എന്‍.ഒ.പി.വി) ശ്രേണിയില്‍പ്പെട്ട രണ്ടാമത്തെ യുദ്ധക്കപ്പലാണ് ഐ.എന്‍.എസ് സുനൈന.
കമാന്‍ഡര്‍ അഫ്താബ് അഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ എട്ട് ഓഫീസര്‍മാരും 108 നാവികരുമാണ് കപ്പലിലുള്ളത്.ഇലക്‌ട്രോ അപ്റ്റിക് ഫയര്‍ കണ്‍ട്രോള്‍ സംവിധാനത്തോടുകൂടിയ 76 എം.എം തോക്കാണ് പ്രധാന ആയുധം. ഈ യുദ്ധക്കപ്പലില്‍ അത്യാധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങളുമുണ്ട്. ഹെലിക്കോപ്റ്ററിനെ വഹിക്കാനും ഇതിന് ശേഷിയുണ്ട്.
ഈ ശ്രേണിയില്‍പ്പെട്ട രണ്ടു കേഡറ്റ് ട്രെയ്നിങ് വെസലുകള്‍ 2015ഓടെ പുറത്തിറക്കും. 2200 ടണ്‍ ഭാരമാണു കപ്പലിന്. നിരീക്ഷണപ്പറക്കലിനായി ഒരു ഹെലികോപ്റ്ററും കപ്പലിലുണ്ടാവും.