Skip to main content
മുംബൈ

മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ലാറ്റ് വിതരണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അടക്കം മൂന്ന്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ വിമര്‍ശനം. വെള്ളിയാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ട് എന്നാല്‍, സര്‍ക്കാര്‍ തള്ളി.

 

adarsh flatമുഖ്യമന്ത്രിമാരായിരുന്ന രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം പന്ത്രണ്ടോളം ഉന്നത ഉദ്യോഗസ്ഥരും ചട്ടലംഘനം നടത്തിയതായി ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജെ.എ പാട്ടീലിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, തങ്ങള്‍ നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് നിരാകരിക്കുന്നതിന് കാരണമൊന്നും മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ നല്‍കിയില്ല. ജനങ്ങളുടെ താല്‍പ്പര്യം പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനമെന്നും തനിക്ക് അത് പുറത്ത് ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ചവാന്റെ പ്രതികരണം. ബി.ജെ.പി നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 

കൊളാബയില്‍ പണിത 31 നില കെട്ടിടത്തിന് നല്‍കിയ വിവിധ അനുമതികളില്‍ വ്യാപകമായ ചട്ടലംഘനങ്ങള്‍ നടന്നതായി 691 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അന്തരിച്ച വിലാസ് റാവു ദേശ്മുഖ്, അശോക് ചവാന്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, റവന്യൂ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ശിവാജിറാവു നിലംഗെക്കര്‍ എന്നിവരുടേയും നഗരവികസന മന്ത്രിമാരും എന്‍.സി.പി നേതാക്കളുമായ സുനില്‍ തട്ട്കരെ, രാജേഷ് ടോപി എന്നിവരുടേയും സഹായം ഇതിനുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. 

 

ആദര്‍ശ് ഭവന സൊസൈറ്റിയിലെ 102 അംഗങ്ങളില്‍ 25 പേര്‍ അയോഗ്യരാണെന്നും 22 ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. അയോഗ്യരായ സൊസൈറ്റി അംഗങ്ങളില്‍ യു.എസ്സില്‍ വിസ തട്ടിപ്പിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട് നയതന്ത്ര വിവാദത്തില്‍ ഉള്‍പ്പെട്ട ദേവയാനി ഖോബ്രഗഡേയും ഉള്‍പ്പെടും. ഖോബ്രഗഡേയുടെ അച്ഛന്‍ മുംബയിലെ ഗതാഗത കോര്‍പ്പറേഷന്‍ ആയ ബെസ്റ്റിന്റെ മേധാവിയായിരിക്കെ കോര്‍പ്പറേഷന്റെ സ്ഥലം ഫ്ലാറ്റ് പണിയുന്നതിന് നല്‍കിയിരുന്നു. ഈ നടപടിയിലും റിപ്പോര്‍ട്ട് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.  

 

ആദര്‍ശ് ഭവന സൊസൈറ്റിയില്‍ തന്റെ അടുത്ത മൂന്ന്‍ ബന്ധുക്കള്‍ക്ക് അംഗത്വമുള്ള വിവരം പുറത്തായതിനെ തുടര്‍ന്ന്‍ 2010-ല് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അശോക്‌ ചവാനെതിരെ രൂക്ഷമായ വിമര്‍ശനമാണ് റിപ്പോര്‍ട്ട് നടത്തുന്നത്. അനുമതി നല്‍കുന്നതിന് പകരമായി ചവാന് ഫ്ലാറ്റ് ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആദര്‍ശ് അഴിമതി അന്വേഷിക്കുന്ന സി.ബി.ഐ സംഘം ചവാനെ പ്രതി ചേര്‍ത്തിരുന്നെങ്കിലും ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന്‍ കഴിഞ്ഞ ദിവസം വിചാരണ ചെയ്യാനുള്ള അനുമതി നിഷേധിച്ചിരുന്നു. 

 

ഫ്ലാറ്റ് പണിത ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാറിനാണെന്നും ഫ്ലാറ്റ് പ്രതിരോധ വകുപ്പ് ജീവനക്കാര്‍ക്കും കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മാത്രമായി സംവരണം ചെയ്തതല്ലെന്നുമുള്ള കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഇത് നിയമസഭയില്‍ വെച്ചത്.