മുംബൈയില്‍ വീണ്ടും കപ്പലില്‍ തീപിടുത്തം. നാവിക ആസ്ഥാനത്തിന് സമീപം നിര്‍മാണത്തിലിരുന്ന കപ്പലില്‍ വെള്ളിയാഴ്ച ഉണ്ടായ വന്‍ തീപിടിത്തത്തില്‍ കമാന്‍ഡര്‍ പദവിയിലലുണ്ടായിരുന്ന കുന്തല്‍ വാധ്‌വ(42)മരിച്ചു.ദക്ഷിണ മുംബൈയിലെ കൊളബ സ്വദേശിയാണ് വാധ്‌വ. ഐ.എന്‍.എസ് കോല്‍ക്കത്ത എന്ന നാവിക യുദ്ധ കപ്പലിലാണ് അപകടമുണ്ടായത്.
മസഗോണ്‍ കപ്പല്‍ നിര്‍മാണശാലയിലാണ് അപകടം നടന്നത്. യുദ്ധക്കപ്പലിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് യൂണിറ്റില്‍ നിന്നും വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന നൂതന യുദ്ധകപ്പലായ ഐ.എന്‍.എസ് കോല്‍ക്കത്ത ഒരാഴ്ചക്കുള്ളില്‍ കമ്മീഷന്‍ ചെയ്യാനിരിക്കെയാണ് തീപിടിത്തമുണ്ടായത്.
കഴിഞ്ഞ ഫെബ്രുവരി 26-ന് മുംബൈതീരത്തു വച്ച് ഐ.എന്‍.എസ് സിന്ധുരത്‌നയെന്ന മുങ്ങിക്കപ്പലില്‍ തീപ്പിടിത്തമുണ്ടായി രണ്ട് നാവികഉദ്യോഗസ്ഥര്‍ മരിക്കുകയും ഏഴ് നാവികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന്‍ ഇന്ത്യൻ യുദ്ധക്കപ്പലുകൾ തുടര്‍ച്ചയായി നേരിടുന്ന അപകടങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാവിക സേനാ മേധാവി അഡ്‌മിറൽ ഡി.കെ ജോഷി രാജിവച്ചിരുന്നു.
കഴിഞ്ഞ ഏഴു മാസത്തിനുളളിൽ നടക്കുന്ന പതിനോന്നാമത്തെ അപകടമാണ് ഇന്നു നടന്നത്. കഴിഞ്ഞ ആഗസ്തില്‍ മറ്റൊരു മുങ്ങിക്കപ്പലായ ഐ.എന്‍.എസ് സിന്ധുരക്ഷകില്‍ ഉണ്ടായ തീപിടുത്തത്തില്‍ 18 സൈനികര്‍ മരിച്ചിരുന്നു. തുടര്‍ന്ന് മൂന്നു മുങ്ങിക്കപ്പലുകളിൽ അടക്കം 10 യുദ്ധപ്പലുകളിൽ അപകടങ്ങള്‍ ഉണ്ടായി.