മുംബൈയില്‍ മാദ്ധ്യമപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റവാളികളെന്ന്‍ കണ്ടെത്തിയ മൂന്ന്‍ പേര്‍ക്ക് വിചാരണക്കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചു. മറ്റൊരു കുറ്റവാളിയ്ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ശക്തി മില്‍സ് വളപ്പില്‍ വെച്ച് വനിതാ ഫോട്ടോഗ്രാഫര്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതി ചെയ്ത് കൂട്ടിച്ചേര്‍ത്ത 376(ഇ) വകുപ്പ് അനുസരിച്ച് പ്രതികള്‍ കുറ്റവാളികളെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആവര്‍ത്തിച്ച് ചെയ്യുന്ന ബലാല്‍സംഗ കുറ്റം വധശിക്ഷ ലഭിക്കുന്ന കുറ്റമാക്കുന്ന ഈ വകുപ്പനുസരിച്ച് രാജ്യത്ത് ആദ്യമായി പ്രതി ചേര്‍ക്കപ്പെട്ടവരാണ് ഈ കേസിലെ പ്രതികള്‍.
വിജയ് ജാദവ് (19), കാസിം ബംഗാളി (21), മൊഹമ്മദ് സലിം അന്‍സാരി (28) എന്നിവര്‍ക്കാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ശാലിനി ഫന്‍സല്‍ക്കര്‍ ജോഷി വധശിക്ഷ നല്‍കിയത്. ശക്തി മില്‍സ് വളപ്പില്‍ ഒരു ടെലിഫോണ്‍ ഓപ്പറേറ്ററെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഇവര്‍ മൂന്നുപേരും നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഏതാനും ആഴ്ചകളുടെ വ്യത്യാസത്തിലാണ് രണ്ട് സംഭവങ്ങളിലും ഒരേ സമയമാണ് വിചാരണ നടന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് 18-കാരിയായ ടെലിഫോണ്‍ ഓപ്പറേറ്റര്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്. വാര്‍ത്താശേഖരണത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ക്കൊപ്പമെത്തിയ ഫോട്ടോഗ്രാഫര്‍ 2013 ആഗസ്ത് 22-നാണ് ബലാല്‍സംഗത്തിനിരയായത്.