1984-ലെ സിഖ് കൂട്ടക്കൊല കേസില്‍ ആരോപിതനായ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈട്ലര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ സിഖ് വിഭാഗക്കാരുടെ പ്രതിഷേധം. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ഒട്ടേറെപ്പേര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇവരെ ജലപീരങ്കി ഉപയോഗിച്ചാണ് പോലീസ് പിരിച്ചുവിട്ടത്.
ലോകസഭാ തെരഞ്ഞെടുപ്പില്‍ അമൃതസര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായ അമരീന്ദര്‍ ടെലിവിഷന്‍ ചാനലായ എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാദമായ പ്രസ്താവന നടത്തിയത്. കലാപത്തിന് മാസങ്ങള്‍ കഴിഞ്ഞ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ടൈട്ലര്‍ മദന്‍ലാല്‍ ഖുറാനയ്ക്ക് എതിരെ മത്സരിച്ചപ്പോള്‍ മാത്രമാണ് സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ടൈട്ലറുടെ പേര്‍ ഉയരാന്‍ തുടങ്ങിയതെന്നായിരുന്നു പ്രസ്താവന.
അമരീന്ദറിന്റെ പ്രസ്താവനയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ശിരോമണി അകാലി ദളിന്റെ ഡല്‍ഹി അധ്യക്ഷന്‍ മന്‍ജിത് സിങ്ങ് ജി.കെ പറഞ്ഞു. അമൃതസറില്‍ അമരീന്ദറിന്റെ എതിരാളിയായ മുതിര്‍ന്ന ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയും പ്രസ്താവനയെ വിമര്‍ശിച്ചു. കേസില്‍ ഉള്‍പ്പെട്ട ഒരാളുടെ കുറ്റം സംബന്ധിച്ച് നേരത്തെ വിധി പറയുകയാണ് അമരീന്ദറെന്ന്‍ ജെയ്റ്റ്ലി തന്റെ ബ്ലോഗില്‍ എഴുതി.
അതേസമയം, ആരോപണ വിധേയരായ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന് അമരീന്ദര്‍ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു. എച്ച്.കെ.എല്‍ ഭഗത്, ലളിത് മാക്കന്‍, സജ്ജന്‍ കുമാര്‍ എന്നിവര്‍ക്കെതിരെ ഉള്ള ആരോപണങ്ങളാണ് അമരീന്ദര്‍ ശരിവെച്ചത്.
സജ്ജന്‍ കുമാറിനെതിരെ പുനരന്വേഷണം നടത്താന്‍ കഴിഞ്ഞ വര്‍ഷം കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. തെളിവില്ലെന്ന കാരണത്താല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് സി.ബി.ഐ ആവശ്യം നിരാകരിച്ചായിരുന്നു കോടതിയുടെ നടപടി.