കേന്ദ്രമന്ത്രി നിഹാല്‍ ചന്ദിനെതിരായ ബലാല്‍സംഗ ആരോപണം പരിശോധിക്കാന്‍ പ്രധാനമന്ത്രി കാര്യാലയം വെള്ളിയാഴ്ച ഒരു മുതിര്‍ന്ന മന്ത്രിയെ ചുമതലപ്പെടുത്തി. 2011-ല്‍ നടന്ന സംഭവത്തില്‍ രാസ-വളം വകുപ്പില്‍ സഹമന്ത്രിയായ നിഹാല്‍ ചന്ദിന് ഈയിടെ ജയ്പൂരിലെ വിചാരണക്കോടതി നോട്ടീസ് അയച്ചിരുന്നു. നിഹാല്‍ ചന്ദ് അടക്കം 17 പേരാണ് കേസില്‍ പ്രതികള്‍.
കേസ് പിന്‍വലിക്കാന്‍ നിഹാല്‍ ചന്ദ് സമ്മര്‍ദ്ദം ചെലുത്തുന്നതായും നീതി ലഭിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കഴിഞ്ഞ ദിവസം പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. കേസ് പിന്‍വലിച്ചാല്‍ പണവും ജോലിയും നല്‍കാമെന്ന് നിഹാല്‍ ചന്ദ് വാഗ്ദാനം ചെയ്തതായാണ് സ്ത്രീ ആരോപിച്ചിരിക്കുന്നത്.
കേസ് 2012-ല്‍ രാജസ്ഥാന്‍ പോലീസ് അവസാനിപ്പിച്ചതാണെന്നും അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയാണ് നിഹാല്‍ ചന്ദിന് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നുമുള്ള നിലപാടിലാണ് ബി.ജെ.പി. നിഹാല്‍ ചന്ദിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയിരുന്നു.