Skip to main content
മുംബൈ

ins kolkata

 

തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐ.എന്‍.എസ് കോല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തിന്റെ സ്വാശ്രയത്വത്തിന്റെ പ്രതീകമാണ് ഐ.എന്‍.എസ് കോല്‍ക്കത്തയെന്ന്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇന്ത്യയുടെ സാങ്കേതിക കഴിവുകള്‍ക്ക് നല്ലൊരു ഉദാഹരണമാണിതെന്നും ലോകത്തിന് ഇതൊരു സന്ദേശമായിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

ശനിയാഴ്ച മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍, നാവികസേനാ മേധാവി ആര്‍.കെ ധോവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ മുംബൈയിലെ മസഗാവ് ഡോക്സിലാണ് ഭാരതീയ നാവിക സേനയുടെ കോല്‍ക്കത്ത ക്ലാസ് ഡിസ്ട്രോയറുകളുടെ ഭാഗമായി ഐ.എന്‍.എസ് കോല്‍ക്കത്ത നിര്‍മ്മിച്ചത്. 15,000 കിലോമീറ്റര്‍ പ്രവര്‍ത്തന പരിധിയുള്ള ഈ യുദ്ധകപ്പലിന്റെ മാതൃകയില്‍ രണ്ടെണ്ണം കൂടി വൈകാതെ നാവികസേനയുടെ ഭാഗമാകും. മുങ്ങിക്കപ്പലുകളേയും മിസൈലുകളേയും പോര്‍വിമാനങ്ങളേയും പ്രതിരോധിക്കാനുള്ള സംവിധാനങ്ങളോടെയാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്. റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ബ്രഹ്മോസ് മിസൈലും ഈ കപ്പലിന്റെ ആയുധപ്പുരയുടെ ഭാഗമാണ്.

 

നാവികസേനയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള 44 കപ്പലുകളാണ് ഇന്ത്യയിലെ വിധ കപ്പല്‍ശാലകളില്‍ നിര്‍മ്മാണത്തിലുള്ളത്. പറഞ്ഞ സമയത്തിലും വൈകിയാണ് പൂര്‍ത്തിയായതെങ്കിലും തദ്ദേശീയമായ യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുന്നതാണ് ഐ.എന്‍.എസ് കോല്‍ക്കത്തയുടെ നിര്‍മ്മാണം.