Skip to main content
മുംബൈ

devendra fadnavis

 

മഹാരാഷ്ട്ര നിയമസഭയില്‍ ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാര്‍ അവതരിപ്പിച്ച വിശ്വാസപ്രമേയം ബുധനാഴ്ച പാസായി. ശബ്ദവോട്ടോടെയാണ് സഭയില്‍ പ്രമേയം പാസാക്കിയത്. ശിവസേനയും കോണ്‍ഗ്രസും പ്രമേയത്തെ എതിര്‍ത്തപ്പോള്‍ എന്‍.സി.പി വോട്ടെടുപ്പില്‍ നിന്ന്‍ വിട്ടുനിന്നു. മഹാരാഷ്ട്രയിലെ ആദ്യ ബി.ജെ.പി സര്‍ക്കാറാണിത്.

 

കേവല ഭൂരിപക്ഷത്തിന് 23 സീറ്റുകളുടെ കുറവുണ്ടെങ്കിലും എന്‍.സി.പിയുടെ പരോക്ഷ പിന്തുണയാണ് വിശ്വാസപ്രമേയത്തെ അതിജീവിക്കാന്‍ ബി.ജെ.പിയെ സഹായിച്ചത്. മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ ഉറപ്പ് വരുത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നതായി എന്‍.സി.പി ജനറല്‍ സെക്രട്ടറി ഡി.പി ത്രിപാഠി രാവിലെ പ്രസ്താവിച്ചിരുന്നു.

 

തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായിരുന്ന ശിവസേന-ബി.ജെ.പി സഖ്യം പുനരുജ്ജീവിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പ്രമേയത്തെ എതിര്‍ക്കാനും പ്രതിപക്ഷത്തിരിക്കാനും ശിവസേന തീരുമാനിച്ചു. ഇന്ന്‍ കാലത്തും ശിവസേന നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി ചര്‍ച്ച നടത്തിയിരുന്നു.  

 

അതേസമയം, വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടോടെ പ്രമേയം പാസായതായി പ്രഖ്യപിച്ച സ്പീക്കര്‍ ഹരിഭാവു ബാഗ്ദെയുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ശിവസേനയും രംഗത്ത് വന്നിട്ടുണ്ട്. വിശ്വാസപ്രമേയ വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നും ഈയാവശ്യവുമായി ഗവര്‍ണറെ കാണുമെന്നും രണ്ട് പാര്‍ട്ടികളും പറഞ്ഞു.    

 

നേരത്തെ, സ്പീക്കര്‍ സ്ഥാനത്തേക്ക് ബി.ജെ.പിയുടെ ഹരിഭാവു ബാഗ്ദെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശിവസേനയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നെങ്കിലും അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നു.