2014-ല്‍ മുംബൈയില്‍ ഒരു മുസ്ലിം യുവാവിനെ അടിച്ചുകൊന്ന കേസിലെ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതത്തിന്റെ പേരില്‍ പ്രകോപിതരായാണ് ഇവര്‍ കൊലപാതകം നടത്തിയതെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
2014 ജൂണ്‍ രണ്ടിനാണ് 28-കാരനായ മൊഹ്സിന്‍ ഷെയ്ഖിനെ ഒരു സംഘം ബൈക്കില്‍ നിന്ന് വലിച്ചുവീഴ്ത്തി ഹോക്കി സ്റ്റിക്കുക്കളും ക്രിക്കറ്റ് ബാറ്റുകളും കൊണ്ട് അടിച്ച് കൊന്നത്. ശിവാജി, ശിവ സേന നേതാവായിരുന്ന ബാല്‍ താക്കറെ എന്നിവര്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഹിന്ദു രാഷ്ട്ര സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു അക്രമികള്‍.
സംഭവത്തില്‍ അറസ്റ്റിലായ 21 പേരില്‍ വിജയ് രാജേന്ദ്ര ഗാംഭിരെ, രഞ്ജിത്ത് ശങ്കര്‍ യാദവ്, അജയ് ദിലീപ് ലാല്‍ഗെ എന്നിവര്‍ക്കാണ് കഴിഞ്ഞ വ്യാഴാഴ്ച ജാമ്യം ലഭിച്ചത്. മറ്റൊരു മതത്തില്‍ ഉള്‍പ്പെട്ടു എന്നത് മാത്രമായിരുന്നു മരിച്ചയാളുടെ പിഴവെന്ന് പറഞ്ഞ ജഡ്ജി മൃദുല ഭട്കര്‍ ഇത് പ്രതികള്‍ക്ക് അനുകൂലമായ ഘടകമായി താന്‍ കാണുന്നുവെന്ന് പറഞ്ഞു. പ്രതികള്‍ക്ക് എതിരെ മറ്റ് ക്രിമിനല്‍ കേസുകള്‍ ഒന്നും ഇല്ല ജഡ്ജി കൂട്ടിച്ചേര്‍ത്തു. മതത്തിന്റെ പേരില്‍ പ്രകോപിതരായി കൊലപാതകം ചെയ്തതായാണ് കാണപ്പെടുന്നത് എന്നും ജഡ്ജി വിധിയില്‍ പറയുന്നു. വ്യക്തിവിദ്വേഷം പോലെ എന്തെങ്കിലും കാരണം കൊലപാതകം നടത്താന്‍ പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നും ജഡ്ജി നിരീക്ഷിക്കുന്നു. സംഭവത്തിന് മുന്‍പ് ഒരു യോഗത്തില്‍ സംബന്ധിച്ച അവര്‍ അതിനെ തുടര്‍ന്ന് പ്രകോപിതരാകുകയായിരുന്നുവെന്നും ജഡ്ജി പറയുന്നു.
ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മൊഹ്സിന്റെ കുടുംബം അറിയിച്ചു.
