ജമ്മു കാശ്മീരില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ചതിന്റെ ഉത്തരവാദികളായ സൈനികര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാന് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണ് ഇന്ത്യ ആ ആവശ്യം ഉന്നയിച്ചത്.
മെയ് ഒന്നിന് രണ്ട് സൈനികരെ കൊല്ലുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യയുടെ ക്ഷോഭം വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ബാസിതിനെ അറിയിച്ചതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പാക് സൈന്യം നടത്തിയ കനത്ത വെടിവെപ്പിന്റെ മറവിലാണ് ആക്രമണം ഉണ്ടായതെന്നും ഇന്ത്യന്‍ സൈനികരുടെ ചോരച്ചാല് അക്രമികള്‍ നിയന്ത്രണരേഖ കടന്നു പാകിസ്ഥാനിലേക്ക് തിരികെ പോയതായി തെളിയിക്കുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.
കരസേനയിലെ നായിബ് സുബേദാര്‍ പരംജിത് സിങ്ങും അതിര്‍ത്തി രക്ഷാ സേനയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗരുമാണ് കൊല്ലപ്പെട്ടത്.
