മധുര്‍ ഭണ്ഡാര്‍ക്കറുടെ സിനിമ 'ഇന്ദു സര്‍ക്കാരിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നാവശ്യമായി സഞ്ജയ് ഗാന്ധിയുടെ മകള്‍ ആണെന്നവകാശമുന്നയിച്ചുകൊണ്ട് പ്രിയാ സിംഗ് പോള്‍ എന്ന സ്ത്രീ ബന്ധപ്പെട്ടവര്‍ക്ക് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നു. ജൂലായ് അവസാനത്തോടെ തീയറ്ററുകളിലെത്തുന്ന ഇന്ദു സര്‍ക്കാര്‍ ' അടിയന്തിരാവസ്ഥക്കാലത്തെ ആധാരമാക്കിക്കൊണ്ടുള്ളതാണ്. അതില്‍ നീല്‍ നിതിന്‍ സഞ്ജയ് ഗാന്ധിയെയും സുപ്രിയ വിനോദ് ഇന്ദിരാഗാന്ധിയെയും അവതരിപ്പിക്കുന്നു. തന്റെ അച്ഛനായ സഞ്ജയ് ഗാന്ധിയേയും മുത്തശ്ശിയായ ഇന്ദിരാഗാന്ധിയെയും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നു കാട്ടിയാണ് പ്രിയാ സിംഗ് ,മധു ഭണ്ഡാര്‍ക്കര്‍, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ,സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സറിംഗ് അ ധ്യക്ഷന്‍ പഹല്‍ജ് നിഹലാനി എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
വരുണ്‍ഗാന്ധി മാത്രമേ സഞ്ജയ് ഗാന്ധിയുടെ സന്തതിയായി അറിവുള്ളു. അതിനാല്‍ ഗാന്ധി കുടുംബം പ്രിയാ സിംഗ് പോളിനെ അംഗീകരിക്കാത്തിടത്തോളം അവരുടെ വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്ന വിധം നടപടി സ്വീകരിക്കാനാവില്ലെന്ന് സെന്‍ട്രല്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന് പഹല്‍ജ് നിഹലാനി പറഞ്ഞു.