സന്യാസ വേഷത്തിന്റെ മറവില്‍ ലൈംഗിക പീഡനം നടത്തിയ കേസില്‍ പ്രതിയായ സന്തോഷ് മാധവന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചു എന്ന കേസില്‍ നല്കിയ അപ്പീല്‍ തള്ളിയാണ് വിചാരണക്കോടതി നല്കിയ എട്ടുവര്‍ഷം തടവ് കോടതി ശരിവെച്ചത്. എന്നാല്‍, മറ്റൊരു കേസില്‍ സന്തോഷ് മാധവന്റെ അപ്പീല്‍ കോടതി അംഗീകരിച്ചു.
ഇതോടെ, ഇപ്പോള്‍ ജാമ്യത്തിലുള്ള സന്തോഷ് മാധവന് മൂന്ന് വര്‍ഷം കൂടി തടവ് അനുവദിക്കണം. ഇതിനകം അഞ്ചുവര്‍ഷം സന്തോഷ് മാധവന് തടവില്‍ കഴിഞ്ഞിട്ടുണ്ട്. ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സന്തോഷ് മാധവന്റെ അഭിഭാഷകന് അറിയിച്ചു.
പീഡന രംഗങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ചു എന്ന കേസിലെ എട്ടുവര്‍ഷം തടവിനെതിരെ നല്കിയ അപ്പീല്‍ ആണ് ഹൈക്കോടതി അനുവദിച്ചത്. ലൈംഗിക പീഡന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന സിഡിയുടെ വിശ്വാസ്യത തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.
എറണാകുളം ഇടപ്പള്ളിയിലെ ശരണാലയത്തിന്റെ മറവില്‍ ലൈംഗിക പീഡനം നടത്തിയതുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് സന്തോഷ് മാധവനെതിരെയുള്ളത്. ഇതില്‍ മറ്റ് രണ്ടു കേസുകളില്‍ നേരത്തെ വിചാരണക്കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു.