Skip to main content

ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ ലാലടക്കമുള്ളവര്‍ക്ക് എതിരെ ദ്രുതപരിശോധന നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഡിസംബർ 13 നകം റിപ്പോർട്ട്​ സമർപ്പിക്കാന്‍ വിജിലൻസ്​ ഡയറക്​ടറോട്​ കോടതി നിർദേശിച്ചിട്ടുണ്ട്. വനം വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്​ണ​നെതിരെയും ആനക്കൊമ്പ്​ കൈമാറിയവർക്കെതിരെയും അന്വേഷണം നടത്താൻ​ കോടതി നിർദേശിച്ചിട്ടുണ്ട്​.

 

2012 ൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ്​ മോഹൻ ലാലിന്റെ വീട്ടിൽനിന്ന് ആനക്കൊമ്പുകൾ പിടികൂടിയത്. പിടികൂടിയ ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറിയിരുന്നു. തുടർന്ന് വനംവകുപ്പിന്റെ കോടനാട് റെയ്ഞ്ച് കേസ്​ രജിസ്​റ്റർ ചെയ്തുവെങ്കിലും കുറ്റപത്രം സമർപ്പിച്ചിരുന്നില്ല.

 

ആനക്കൊമ്പുകൾ താൻ പണം കൊടുത്ത്​ വാങ്ങിയതാണെന്നാണ്  മോഹൻ ലാലിന്റെ അവകാശവാദം. എന്നാല്‍ ആനക്കൊമ്പ് കൈമാറ്റവും വിലകൊടുത്തു വാങ്ങുന്നതും നിയമപരമല്ലെന്നും ഇത്തരമൊരു നിയമം നിലവിലുണ്ടായിട്ടും പ്രതി പ്രമുഖനായതിനാല്‍ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ ഇത്തരം കുറ്റങ്ങളില്‍ പിടിക്കപ്പെട്ടാല്‍ തൊണ്ടി പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയാണ് പതിവ് എന്നാല്‍ സംഭവം നടന്ന് ഇതുവരെ നടപടിയുണ്ടാകാത്തത് കേസ് അട്ടിമറിക്കപ്പെട്ടതിന് തെളിവാണെന്നും ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.

 

ഏലൂര്‍ ഉദ്യോഗമണ്ഡല്‍ സ്വദേശി അന്തീനാട് പൗലോസാണ് മോഹ ന്‍ലാലിനെതിരെ ഹര്‍ജി നല്‍കിയത്.