സിവിൽ സർവ്വീസ് പരീക്ഷ പാസ്സാകുന്നവർ സമർഥർ തന്നെ. സംശയമില്ല. സമർഥർ എന്നാൽ അഹന്തയോടെ പെരുമാറാൻ അർഹരായവർ എന്നല്ല അർഥം. അപൂർവ്വം ചിലരെങ്കിലും അത്തരം തോന്നലുകളുടെ തടവറയിലാണെന്നുള്ളത് വസ്തുതയാണ്. കോഴിക്കോട് ജില്ലാ കളക്ടർ എന്‍. പ്രശാന്ത് ആ വിഭാഗത്തിൽ പെടുന്നയാളാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. പ്രോട്ടോക്കൾ പ്രകാരം ജില്ലാ കളക്ടറുടെ പദവി വളരെ വളരെ താഴെയാണ്. കേന്ദ്രസർക്കാരിന്റെ പദവിമുൻഗണനാക്രമത്തിൽ ഇരുപത്തി ഒന്നാം സ്ഥാനമാണ് എം.പിമാർക്കുള്ളത്. ആ പദവിപ്പട്ടികയിൽ ഉൾപ്പെടുന്നതല്ല കളക്ടർ സഥാനം. കളക്ടറുടെ പദവി ചെറുതായി കാണുകയല്ല. കേരളത്തിലെ ജനസംഖ്യയിലെ ഇരുപതിലൊന്നിന്റെ പ്രതിനിധിയാണ് ഒരു എം.പി. ജനായത്ത സംവിധാനത്തിൽ ഒരു എം.പി അത്രയും ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു കളക്ടർ എം.പിയെ ആക്ഷേപിക്കുമ്പോൾ അത്രയും ജനങ്ങളെയാണ് ആക്ഷേപിക്കുന്നത്. മാത്രമല്ല കളക്ടർ പ്രശാന്തിന്റെ പക്വതയില്ലായ്മയും ഭീരുത്വവും കൂടിയാണ് പ്രകടമാകുന്നത്.
എം.പി ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് ചില ചോദ്യങ്ങൾ കോഴിക്കോട് എം.പി എം.കെ .രാഘവൻ ചോദിച്ചതാണ് പ്രശാന്തിനെ ചൊടിപ്പിക്കാൻ കാരണം. ഏത് എം.പിക്കും അതു കളക്ടറോട് ചോദിക്കാനുള്ള അവകാശമുണ്ട്. അതിന്റെ നിജസ്ഥിതി അറിയാൻ ജനത്തിനും അവകാശമുണ്ട്. എം.കെ രാഘവൻ കളക്ടറോട് മാപ്പ് ചോദിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പോരായ്മയായേ കാണാൻ കഴിയുകയുള്ളു. കാരണം ജനായത്ത സംവിധാനത്തിൽ ജനായത്ത ചുമതലകൾ വഹിക്കുന്നവരെ ആക്ഷേപിക്കുന്ന ഉദ്യോഗസ്ഥൻ ആ സ്ഥാനം വഹിക്കാൻ യോഗ്യനല്ലാതാവുകയാണ്. മാപ്പ് പറയണം എന്ന് എം.പി ആവശ്യപ്പെട്ടപ്പോൾ കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കിൽ അദ്ദേഹം പോസ്റ്റ് ചെയ്തത് ഒരിക്കലും നീതീകരിക്കാവുന്നതല്ല. ഫേസ്ബുക്കിലൂടെ ഐ.എ.സ്സുകാരുടെയിടയിൽ പുതിയൊരു മുഖം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് പ്രശാന്ത്. ഫേസ്ബുക്കിൽ തന്നെ പിന്തുടരുന്നവരുടെ അംഗബലത്തിലാണ് പ്രശാന്ത് ഇങ്ങനെ പെരുമാറുന്നതെന്നു തോന്നുന്നു.
സി.പി.ഐ.എം പ്രശാന്തിന്റെ നിലപാടിനെ അനുകൂലിക്കുകയും പിന്താങ്ങുകയും ചെയ്യുന്നത് എം.കെ രാഘവൻ കോൺഗ്രസ്സുകാരനായതിലാണ്. കോൺഗ്രസ്സ് എം.പി ആയതുകൊണ്ടാണ് പ്രശാന്തും ഇവ്വിധം എം.കെ.രാഘവനോട് പെരുമാറിയതെന്ന്‍ കരുതേണ്ടി വരുന്നു. പ്രതിപക്ഷത്തുള്ള എം.എൽ.എമാരോട് അനാദരവോടെ പെരുമാറിയ ചില ഉദ്യോഗസ്ഥരെ താക്കീതു ചെയ്തുകൊണ്ടുള്ള അന്തരിച്ച മുൻ സ്പീക്കർ വർക്കല രാധാകൃഷ്ണന്റെ നിയമസഭയിലെ ചില പ്രസ്താവനകൾ കളക്ടർ ബ്രോ ആയ പ്രശാന്തിനും ഒപ്പം, എല്‍.ഡി.എഫ് സര്‍ക്കാരിനും നോക്കാവുന്നതാണ്. സിവിൽ സർവ്വീസ് പരീക്ഷ പാസ്സായ ഒരു ഓഫീസറിൽ നിന്നും വളരെ ഉദാത്തമായ പെരുമാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല, വിദ്യാഭ്യാസപരമായ യോഗ്യത വർധിക്കുന്നതനുസരിച്ച് ധൈര്യവും വർധിക്കണം. കാരണം വിദ്യാഭ്യാസത്തിലൂടെ അജ്ഞത അകലുന്നുവെന്നാണ് വയ്പ്. ഈ കളകടർ ബ്രോ കണ്ണൂരോ അല്ലെങ്കിൽ കാസർകോട്ടോ ആണ് കളക്ടറായിരുന്നതെങ്കിൽ അവിടുത്തെ എം.പി മാർ ചോദിക്കുന്ന വിവരങ്ങളുമായി അവരുടെ ആസ്ഥാനത്തെത്തി ധരിപ്പിക്കുമായിരുന്നു എന്നുള്ളതും ഓർക്കേണ്ടതാണ്. ചുരുങ്ങിയ പക്ഷം വാക്കാലുള്ള താക്കീതെങ്കിലും മുഖ്യമന്ത്രിയോ റവന്യുമന്ത്രിയോ കളക്ടർ പ്രശാന്തിന് നൽകിയില്ലെങ്കിൽ ഔചിത്യബോധം പൊതുവെ കുറവായ കേരളത്തിൽ വളരെ മോശമായ കീഴ് വഴക്കങ്ങൾക്ക് ഇതു തുടക്കമാകും. കാരണം സുരേഷ് ഗോപി സിനിമയിലെ ഓഫീസർ സങ്കൽപ്പമാണ് പൊതുവെ മാദ്ധ്യമങ്ങൾക്കും സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമായ നല്ലൊരു വിഭാഗത്തിനും ഉള്ളത്.