Skip to main content

crime against womenn

പീഡനം ആരോപിച്ച് പുരുഷന്‍മാര്‍ക്കെതിരെ സ്ത്രീകള്‍ വ്യാജപരാതികള്‍ ഉന്നയിച്ചാല്‍ അവ ശ്രദ്ധയില്‍പ്പെടുത്താനും അവരുടെ വാദം കേള്‍ക്കാനും പുതിയ സംവിധാനം ദേശീയതലത്തില്‍ പരിഗണനയിലിരിക്കുന്നതായി വാര്‍ത്ത. ദില്ലി നിര്‍ഭയകേസ്സിനു ശേഷം  സ്ത്രീകള്‍ക്കെതിരായ അക്രമം തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമങ്ങളെല്ലാം വ്യാപകമായി ദുരുപയോഗം ചെയ്തു വരുന്നു എന്നത് വസ്തുതയാണ്. കേരളത്തില്‍ ആ ദുരുപയോഗം പകടകരമായ മാനത്തിലേക്കെത്തുന്നു എന്നുള്ളത് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
     

 

ഈ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് കുറ്റകൃത്യങ്ങളിലേര്‍പ്പെടാമെന്നുവരെ പൊതുധാരണ ഉണ്ടാവുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ആ ധാരണാ സൃഷ്ടിയില്‍ മാധ്യമങ്ങള്‍ വലിയ പങ്കു വഹിക്കുന്നു. പത്രാധിപന്മാരില്ലാത്ത മാധ്യമലോകത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലെ സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ ധാതുലവണങ്ങള്‍ കാണാന്‍ ശേഷിയില്ലാതെ വരുന്നതിന്റെ ഫലം. തെരുവിലെ സാധാരണ നിരക്ഷരനായ ഒരു വ്യക്തി കാണുന്ന കാഴ്ചകള്‍ക്കപ്പുറത്തേക്ക് മാധ്യമങ്ങള്‍ക്കും മാധ്യമങ്ങളുടെ പിന്‍ബലത്തോടെ മാത്രം നിലകൊള്ളുന്ന ചില ആക്ടിവിസ്റ്റുകള്‍ക്കും കഴിയാതെ വരുന്നു.
   

 

തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം ഛേദിച്ചത് സ്ത്രീയാണെന്ന്  അറിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ ഏതോ വൈകൃതലഹരിരിയില്‍ ഏര്‍പ്പെടുന്ന പോലായിരുന്നു. നിഗൂഢമായ ലൈംഗികത സംസാരിക്കുമ്പോള്‍ മനോവൈകൃതമുളളവര്‍ക്കു ലഭിക്കുന്ന സുഖം ലഭിക്കത്തക്ക വിധമുള്ളതായിരുന്നു ലിംഗഛേദത്തെ പറ്റിയുള്ള ചര്‍ച്ചകളും വാര്‍ത്താ അവതാരകരുടെ ഭാവഹാവാദികളും. അതിന്റെ പ്രതിഫലനമാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ഒരിക്കലും പ്രതികരിക്കാന്‍ പാടില്ലാത്ത വിധം അഭിപ്രായപ്രകടനം നടത്തിയത്. സ്വാമിക്ക് ശിക്ഷ ലഭിച്ചുകഴിഞ്ഞല്ലോ എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഒരു സര്‍ക്കാരിന്റെ കൈമോശം വന്ന നീതിബോധത്തെയാണ് പ്രകടമാക്കിയത്. ഇപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല.പോലീസിന്റെ സമ്മര്‍ദ്ദത്താലാണ് താന്‍ അങ്ങനെ മൊഴി നല്‍കിയതെന്നും സ്വാമി തനിക്ക് പിതൃ തുല്യാനാണെന്നും ലിംഗം വെട്ടിയെന്ന് . പറയപ്പെടുന്ന യുവതി മൊഴി നല്‍കിയിരിക്കുന്നു.    

 

ഈ കേസ്സിന്റെ വസ്തുത എന്താണെന്ന് ആര്‍ക്കുമറിയില്ല. എന്തായാലും ആ യുവതിയല്ല അതു ചെയ്തത് എന്ന് ഏതാണ്ട് വ്യക്തമാണ്. അങ്ങനെയെങ്കില്‍ സ്ത്രീ സുരക്ഷയ്ക്കായി ഉള്ള നിയമങ്ങളെ മറയാക്കിക്കൊണ്ട് നടത്തപ്പെട്ട നിഷ്ടൂരമായ കുറ്റകൃത്യം ആസൂത്രിതമായി ആരോ നടത്തിയതാണ്. അതില്‍ പോലീസും ആരോപണമേല്‍ക്കേണ്ടി വരുന്നു എന്നുള്ളത് അത്യന്തം ഗൗരവുമുളവാക്കുന്നു.അവര്‍ ആരാണ്? അവര്‍ ഇപ്പോഴും പിടിക്കപ്പെടാതെ  സ്വതന്ത്രരായി നടക്കുന്നു എന്നുള്ളത് സമൂഹം നേരിടുന്ന ഭീഷണിയാണ്.
      

 

ഏറ്റവും ഒടുവിലത്തെ സംഭവമാണ് പീഡനത്തിന്റെ പേരില്‍ അറസ്റ്റിലായ മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ്. മാതൃഭൂമി ചാനല്‍ തന്നെ അതിനെ കുറിച്ച് ചര്‍ച്ച ചെയ്ത്  ചാനലിന്റെ പ്രശസ്തി ഉയര്‍ത്താന്‍ നോക്കി. ആ സംഭവത്തിലേക്കു നോക്കിയാലും സ്ത്രീ സുരക്ഷയക്കായി കൊണ്ടുവന്ന നിയമത്തിന്റെ ദുരുപയോഗം കാണാതിരിക്കാന്‍ കഴിയില്ല. വിവാഹമോചിതനാകാത്ത അയാളുമായി സഹപ്രവര്‍ത്തക അടുപ്പത്തിലാവുന്നു. അതിനു ശേഷം അവര്‍ ഒന്നിച്ച് ലൈംഗികാസ്വാദനത്തിലേര്‍പ്പെടുന്നു. ഒടുവില്‍ അയാള്‍ ആ ബന്ധത്തില്‍ നിന്നു പിന്‍മാറിയപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയുമായി പോലീസിനെ സമീപിക്കുന്നു.

 

ഈ പരാതി സ്ത്രീസമൂഹത്തെ തന്നെ വല്ലാതെ മോശമാക്കുന്നതാണ്. ഒരു പുരുഷന്‍ ഔദാര്യം പോലെ സ്ത്രീക്ക് നല്‍ക്കുന്ന ഒന്നാണോ വൈവാഹിക ബന്ധം. രണ്ടുപേര്‍ക്ക് ഒരേ പോലെ ഇഷ്ടം വരുമ്പോള്‍ സാമൂഹികമായി ഏര്‍പ്പെടുന്ന ഒരു കരാറാണ് വിവാഹമെന്നത്. രണ്ടു പേരും ഒരേ പോലെ ലൈംഗിക സുഖത്തിലേര്‍പ്പെട്ടതിനു ശേഷം സ്ത്രീ വിവാഹത്തില്‍ നിന്നു പിന്‍മാറുന്ന സംഭവങ്ങളും സംഭവിക്കുന്നുണ്ട്. ഒരു വാഗ്ദാനം ലഭിച്ചതിന്റെ പേരില്‍ ലൈംഗികമായി ബന്ധപ്പെടാന്‍ ഒരു സ്ത്രീ തയ്യാറാവുന്നു എന്നു പറയുന്നതിലൂടെ സ്ത്രീകളെ വെറും വിലയില്ലാത്ത  നിലവാരത്തിലേക്ക് താഴ്ത്തുകയാണ്. സ്വയം ബഹുമാനമില്ലാത്ത വസ്തുവിന്റെ നിലവാരത്തിലേക്ക്. വിവാഹം സ്ത്രീക്കും പുരുഷനും ഒരേ പോലെ ആവശ്യമുള്ളതാണ്. അല്ലാതെ പുരുഷനില്‍ നിന്ന് ലഭിക്കുന്ന ഔദാര്യമോ ദാനമോ അല്ല.
    

 

മനുഷ്യ സമൂഹം ഉളള കാലത്തോളം സമൂഹത്തില്‍ കുറ്റകൃത്യവാസന ഉളള ആള്‍ക്കാര്‍ ഉണ്ടാകും. കാര്യസാധ്യത്തിനു വേണ്ട കളവു പറയാനും പ്രവര്‍ത്തിക്കാനും മടിക്കാത്തവരും ധാരാളമുണ്ടാകാം. പ്രണയം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതിന് ന്യായീകരണങ്ങളുടെ ആവശ്യമില്ല.  വിവാഹമോചനത്തിലേക്ക് നീങ്ങുന്ന ഒരു വ്യക്തിയുമായി പ്രണയത്തിലാവുകയും അയാള്‍ വിവാഹമോചനം നേടിയപ്പോള്‍ വിവാഹം കഴിക്കാതിരുന്നതിനെ തുടര്‍ന്നാണ് പീഡനവാദവുമായി മാതൃഭൂമി ന്യൂസിലെ പ്രൊഡ്യുസറായ യുവതി പോലീസിനെ സമീപിച്ചത്.അയാള്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചത് അയാളിലെ ദൗര്‍ബല്യവും ഭീരുത്വവും നീചത്വത്തിന്റെയും കുറ്റകൃത്യവാസനയുടെയും ഫലമാണ്. സംശയമില്ല.  ഇവിടെ ഈ യുവതിയുടെ നിസ്സഹായതയെ അല്ല അയാള്‍ ചൂഷണം ചെയ്തത് . മറിച്ച് ആ യുവതിയുടെ സന്നദ്ധതയെയാണ്. സന്നദ്ധത എന്നാല്‍ അറിഞ്ഞുകൊണ്ടു ചെയ്യുന്നതാണ്. നിസ്സഹായാവസ്ഥയില്‍പ്പെടുന്ന സ്ത്രീകളുടെ സരുക്ഷയ്ക്കായി കൊണ്ടുവന്നിട്ടുള്ള നിയമം അതിനാല്‍ ഈ യുവതിയിലൂടെ ദുരുപയോഗം ചെയ്യപ്പെട്ടു. ശുദ്ധ പ്രണയമാണ് ഇരുവരും തമ്മിലുണ്ടായിരുന്നതെങ്കില്‍ ഇത്തരത്തിലൊന്നും സംഭവിക്കില്ലായിരുന്നു. ശുദ്ധ പ്രണയത്തില്‍ ഉപാധികള്‍ ഒന്നും ഉദിക്കുന്നില്ല. അതിനാല്‍ ഇവര്‍ തമ്മില്‍ പ്രണയമായിരുന്നു എന്നും പറയുക വയ്യ. ഇതൊന്നും അറസ്റ്റിലായ അമല്‍ വിഷ്ണുദാസിന്റെ ചെയ്തിയെ ന്യായീകരിക്കുന്നില്ല.
     

 

മുന്‍ മന്ത്രി ജോസ് തെറ്റയിലിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. ഒരു സ്ത്രീ തെല്ലും കൂസലില്ലാതെ ഒരു കുറ്റകൃത്യം ചെയ്യാന്‍ തയ്യാറായപ്പോള്‍ മാധ്യമങ്ങള്‍ അതിനെയും സ്ത്രീ പീഡനമായി കണ്ട് ആഘോഷിക്കുകയായിരുന്നു. മാധ്യമങ്ങള്‍ സ്വയം വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകേണ്ട വിഷയങ്ങളാണ് ജോസ് തെറ്റയില്‍ കേസ്, സ്വാമിയുടെ ലിംഗഛേദം, വിവാഹ വാഗ്ദാനം നല്‍കി അറസ്റ്റിലായ അമല്‍ വിഷ്ണുദാസ് എന്നീ കേസ്സുകള്‍. ഈ മൂന്നു വിഷയത്തിലും മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിച്ച നടപടികള്‍ സമൂഹത്തില്‍ ഏല്‍പ്പിച്ച ആഘാതം ഈ മൂന്നു കേസ്സുകളിലേയും കുറ്റകൃത്യവാസനയുളളവര്‍ ചെയ്തതിനേക്കാള്‍ വളരെ വലുതാണ്.  ഇത്തരം മാധ്യമനിലപാടുകള്‍ കൊണ്ട് സ്ത്രീകള്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതിലേക്കു മാത്രമേ കാര്യങ്ങളെ കൊണ്ടെത്തിക്കുകയുള്ളു. അതിന്റെ ആരംഭങ്ങള്‍ ഇപ്പോള്‍ തന്നെ കണ്ടു തുടങ്ങി. യഥാര്‍ഥത്തില്‍ പീഡിപ്പിക്കപ്പെടുന്ന നിസ്സഹായരായ സ്ത്രീകള്‍ക്ക് ഈ നിയമത്തിന്റെ പ്രയോജനം ലഭിക്കാതെ വരികയും യഥാര്‍ഥ സംഭവങ്ങളില്‍ സ്ത്രീകള്‍ക്ക് പരാതിയുമായി മുന്നോട്ടു വരാന്‍ പറ്റാത്ത അവസരത്തെ സൃഷ്ടിക്കുകയും ചെയ്യും. അതിനെല്ലാമുപരി സമൂഹത്തിലെ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന വലിയ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത പെണ്‍കുട്ടികള്‍ക്ക് തുഛമായ വരുമാനമെങ്കിലും ലഭിക്കുന്ന ജോലിസാധ്യതയേയും  ഈ മാധ്യമ സമീപനവും, നിയമങ്ങളുടെ ദുരുപയോഗവും  ചേര്‍ന്ന് സൃഷ്ടിക്കുന്ന സാമൂഹ്യാന്തരീക്ഷം ഇല്ലാതാക്കുന്നു. ഇപ്പോള്‍ തന്നെ ഒന്നും രണ്ടും ജോലിക്കാര്‍ വേണ്ട ചെറിയ സ്ഥാപനങ്ങളില്‍ നല്ലൊരു ശതമാനം ഉടമകള്‍ ഭീതി മൂലം വനിതാ ജീവനക്കാരെ നിയമിക്കാത്ത സാഹചര്യം ഉടലെടുത്തിട്ടുണ്ട്. ഇതിന്റെയും ബുദ്ധിമുട്ടനുഭവിക്കുന്നത് സമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്നവരാണ്.