രാഹുൽ രാജിവയ്ക്കേണ്ട; മലയാളിയെ അദ്ദേഹം പ്രതിനിധീകരിക്കുന്നു
യഥാർത്ഥത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട ധാർമികത ഇന്ന് കേരളത്തിൽ നിലവിലില്ല. മറ്റൊരർത്ഥത്തിൽ വർത്തമാന കേരളത്തിൻറെ ധാർമികതയുടെ പ്രതിനിധി കൂടിയാണ് രാഹുൽ.
കാരണം, കേരളത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുകയും കോടതി കയറുകയും ചെയ്തു ഒരു വിഷയമാണ് സൂര്യനെല്ലി പെൺകുട്ടി പീഡിപ്പിക്കപ്പെട്ട അവസ്ഥ. ആ പെൺകുട്ടിയുടെ ജീവിതം ഇപ്പോഴും കേരളത്തിൻറെ മുന്നിലുണ്ട്. എന്നാൽ അതിൽ ഒരു മുഖ്യ പ്രതിയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യൻ പിന്നീട് നമ്മുടെ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി . അദ്ദേഹം ഇന്ന് ആദരണീയനായ മുതിർന്ന കോൺഗ്രസ് നേതാവായി തുടരുന്നു. അതുപോലെതന്നെ മുൻ വ്യവസായ വകുപ്പ് മന്ത്രിയും മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ പി കെ കുഞ്ഞാലിക്കുട്ടി. അദ്ദേഹം ആദ്യം ആരോപണം നേരിട്ട് മന്ത്രിസ്ഥാനം രാജിവച്ചു. പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അതിനുശേഷം വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു വന്നു. വീണ്ടും മന്ത്രിയായി, മാത്രമല്ല യുഡിഎഫിലെ ഏറ്റവും നിർണായക സ്വാധീനമുള്ള വ്യക്തിയായി മാറുകയും ചെയ്തു. ഇന്ന് ഇപ്പോൾ അദ്ദേഹം മുസ്ലിംലീഗിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ്. എന്നത്തേക്കാളും ആദരിക്കപ്പെടുന്ന അവസ്ഥയിൽ എത്തുകയും ചെയ്തു. അതിനുശേഷമാണ് സോളാർ കേസും സരിതയും രംഗപ്രവേശം ചെയ്യുന്നത്. ഒരു മന്ത്രി അടിയേറ്റ് പരിക്കുപറ്റി മാധ്യമങ്ങളെ കണ്ടതും കേരളം ഇന്നും ഓർക്കുന്നു. ഒട്ടേറെ പേർ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേരിട്ടതിനേക്കാൾ വലിയ ആരോപണം സരിതയുടെ ഭാഗത്തുനിന്നും ഉയർന്നു. അവർ പിന്നീടും രാഷ്ട്രീയത്തിൽ ഉയർന്ന് വളരെ ഉയരത്തിലേക്ക് പോവുകയും നിയമസഭയിലും പാർലമെന്റിലും എത്തിയിരിക്കുന്നു. ഇതെല്ലാം കേരളത്തിലെ ജനങ്ങളുടെ തീരുമാനമാണ്. ആ തീരുമാനം കാണിക്കുന്നത് കേരളീയരുടെ ധാർമികത കൂടിയാണ്. ഈ ധാർമികതയുടെ വെളിച്ചത്തിൽ എന്തിന് ഇപ്പോൾ ഒരു പോലീസ് കേസും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന ചോദ്യമാണ് മലയാളിയുടെ മുമ്പിൽ ഉയർന്നുവരുന്നത് '
