ബ്രസല്‍സ്: എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും അടക്കം പത്ത് വിമാനക്കമ്പനികള്‍ക്ക് പിഴയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബഹിഷ്കരണവും കൊണ്ടുവരാന്‍ യൂറോപ്യന്‍ കമ്മീഷന് ആലോചിക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ അനുസരിക്കാത്തതിനെ തുടര്‍ന്നാണിത്. മറ്റ് എട്ട് കമ്പനികളും ചൈനയിലേതാണ്.
യൂറോപ്യന്‍ ചട്ടങ്ങള്‍ പ്രകാരം ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമന വിവരങ്ങള്‍ നല്കിയില്ലെന്നതാണ് ഈ വിമാനക്കമ്പനികള്‍ക്ക് നേരെയുള്ള ആരോപണം. യൂറോപ്പില്‍ പിന്തുടരുന്ന പെര്‍മിറ്റ് സമ്പ്രദായത്തോട് ഇവര്‍ സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്. ഈ പത്ത് കമ്പനികളുടെ ജെറ്റ് വിമാനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് 130 കല്‍ക്കരി റെയില്‍ എന്‍ജിനുകള്‍ പുറത്തുവിടുന്നതിന് തുല്യമാണെന്നാണ് കമ്മീഷന്റെ കണക്ക്.
രണ്ടു ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും കൂടി 30,000 യൂറോ പിഴ വന്നേക്കാം. ചൈനീസ് കമ്പനികളുടെ പിഴത്തുക 24 ലക്ഷം യൂറോ വരും.
ബഹിര്‍ഗമന ചട്ടങ്ങള്‍ നിലവില്‍ നിലവില്‍ യൂറോപ്പിനകത്ത് മാത്രമാണ് ബാധകം. എന്നാല്‍, അടുത്ത ജനുവരി മുതല്‍ യൂറോപ്പിലേക്ക് വരികയും പോകുകയും ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ചട്ടം ബാധകമാക്കാന്‍ യൂറോപ്യന്‍ കമ്മീഷന് ആലോചിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യക്കും ചൈനക്കും പുറമേ, ജപ്പാന്, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളും ഇതിനോട് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
കാര്‍ബണ്‍ ഡയോക്സൈഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കാനുള്ള ഏറ്റവും വ്യാപകമായ പദ്ധതിയാണ് യൂറോപ്യന്‍ യൂണിയന്റെ ഭരണ വിഭാഗമായ യൂറോപ്യന്‍ കമ്മീഷന് ആവിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍, ഈ ചട്ടങ്ങള്‍ മറ്റു രാഷ്ട്രങ്ങള്‍ക്കും ബാധകമാക്കുന്നതിനെതിരെ ഇന്ത്യയും ചൈനയുമടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ നിന്ന് എതിര്‍പ്പ് ശക്തമാണ്.
