പുതിയ അമീറായി അധികാരത്തിലേറിയ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-ഥാനി പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. നിലവിലെ ആഭ്യന്തര മന്ത്രിയായ ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍-ഥാനി പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2005 മുതല്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇദ്ദേഹം.
ഒരു വനിതാമന്ത്രിയടക്കം 20 മന്ത്രിമാരുള്‍പ്പെടുന്ന കാബിനറ്റാണ് അമീര്‍ പ്രഖ്യാപിച്ചത്. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ വിദേശകാര്യമന്ത്രിയായും അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സൈദ് അല്‍ മഹ്മൂദ് ഉപപ്രധാനമന്ത്രിയായും ചുമതലയേറ്റു. സിറിയന്‍, അഗ്ഫാന് പ്രശ്നങ്ങളില്‍ ഖത്തര്‍ മധ്യസ്ഥത വഹിക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ണ്ണായകമായ നിയമനങ്ങള്‍ ആണിവ.
പിതാവ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഷെയ്ഖ് തമീം പുതിയ അമീര്‍ ആയി അധികാരമേറ്റത്. രാജ്യത്ത് വിഭാഗീയവാദം ഇല്ലാതാക്കുമെന്ന് സത്യപ്രതിജ്ഞ ചടങ്ങില്‍ അമീര്‍ ഷെയ്ഖ് തമീം പ്രഖ്യാപിച്ചു. യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് പുതിയ കാബിനറ്റ്.
