Skip to main content

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പില്‍ വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ശ്രീശാന്തിനേയും താരങ്ങളേയും അഞ്ച് ദിവസത്തേക്ക് ഡല്‍ഹിയിലെ മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ  ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ബിസിസിഐ ശ്രീശാന്തിനു ആജീവനാന്ത വിലക്ക് കല്‍പ്പിച്ചേക്കും.

 

അറസ്റ്റിലായവരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ താരം അമിത് സിംഗ് ആണ് വാതുവെപ്പിന്റെ പ്രധാന സൂത്രധാരന്‍ എന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഒരു മാസം മുന്‍പ് ഡല്‍ഹി പോലീസിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഐ പിഎല്ലിലെ മൂന്നു മത്സരങ്ങളില്‍ ഒത്തു കളിച്ചതിനാണ് ശ്രീ ശാന്ത് ഉള്‍പ്പെടെ 14 പേരെ അറസ്റ്റ് ചെയ്തത്.

 

പിടിയിലായവരുടെ കൂട്ടത്തില്‍ ശ്രീശാന്തിന്‍റെ സുഹൃത്തും മലയാളിയുമായ ജിജു ജനാര്‍ദ്ദനന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാളാണ് ശ്രീശാന്തിനെ വാതു വെപ്പുകാരുമായി പരിചയപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. ഒത്തു കളിയില്‍ ശ്രീശാന്തിനും ചാന്ദ്ലിയക്കും 40 ലക്ഷം രൂപ വീതവും അങ്കിത് ചവാന് 60 ലക്ഷവുമാണ് ലഭിച്ചത്.

 

മെയ്‌ ഒന്‍പതിന് മൊഹാലിയില്‍ നടന്ന പഞ്ചാബ് കിങ്ങ്സ് ഇലവനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് ഒത്തുകളി നടത്തിയത്. മെയ്‌ അഞ്ചിനു ജയ്പൂരില്‍ പൂനെ വാരിയെഴ്സുമായി നടന്ന മത്സരത്തില്‍ ചാന്ദ്ലിയയും മെയ്‌ 15-ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അങ്കിത് ചവാനും ഒത്തു കളിച്ചു. കളിക്കാരും വാതുവെപ്പുകാരുമായുള്ള സംഭാഷണങ്ങള്‍ ഡല്‍ഹി പോലീസിന് ലഭിച്ചിട്ടുണ്ട്. കളിക്കാര്‍ അവര്‍ കയ്യില്‍ കെട്ടുന്ന ബാന്റ്, തൂവാല, മാല തുടങ്ങിയവ ഉപയോഗിച്ചാണ് വാതുവെപ്പുകാര്‍ക്ക് അടയാളം നല്‍കിയിരുന്നത്. 14 റണ്‍സോ അധികമോ ഒരോവറില്‍ നല്‍കാമെന്നായിരുന്നു ധാരണ. വാതുവെപ്പും അധോലോകവുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

ഒന്നോ രണ്ടോ മോശം സംഭവങ്ങള്‍ കൊണ്ട് ക്രിക്കറ്റിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയില്ലെന്നും ഐപിഎല്‍ മത്സരങ്ങള്‍ തുടരുമെന്നും ബിസിസിഐ പ്രസിഡന്റ്‌ എന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ശ്രീശാന്ത്‌ തന്റെ കഴിവുകള്‍ നഷ്ടപ്പെടുത്തിയെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി പറഞ്ഞു.