ജപ്പാനീസ് ചക്രവര്‍ത്തി അകിഹിതോയും ചക്രവര്‍ത്തിനി മിച്ചികോയും ആറു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി ശനിയാഴ്ച ഇന്ത്യയിലെത്തും. ഒരു ജപ്പാനീസ് ചക്രവര്‍ത്തിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. അപൂര്‍വമായി മാത്രമേ ജപ്പാനീസ് ചക്രവര്‍ത്തിമാര്‍ വിദേശ സന്ദര്‍ശനം നടത്താറുള്ളൂ.
സന്ദര്‍ശനത്തിന് ഇന്ത്യ നല്കുന്ന പ്രാധാന്യം വ്യക്തമാക്കി പ്രോട്ടോക്കോള്‍ മറികടന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്ങും ഭാര്യ ഗുര്‍ചരണ്‍ കൗറും വിമാനത്താവളത്തില്‍ അതിഥികളെ സ്വീകരിക്കും. ഇതിന് മുന്‍പ് മൂന്നുതവണ മാത്രമേ പ്രധാനമന്ത്രി ഇപ്രകാരം പ്രോട്ടോക്കോള്‍ മറികടന്നിട്ടുള്ളൂ. 2006-ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനേയും സൗദി അറേബ്യയുടെ രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗടിനെയും 2010-ല്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയേയും സ്വീകരിക്കാനായിരുന്നു ഇത്.
കിരീടാവകാശികളായിരിക്കെ 53 വര്‍ഷം മുന്‍പ് 1960 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ചക്രവര്‍ത്തി ദമ്പതികള്‍ മധുവിധുവിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ ഉണ്ടാകില്ല. ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി യോഷിരോ മോറി ചക്രവര്‍ത്തിയെ അനുഗമിക്കുന്നുണ്ട്. ഡിസംബര്‍ നാലിന് ഇവര്‍ ചെന്നൈയിലേക്ക് പോകും.
പത്ത് വര്‍ഷമായി നിലനില്‍ക്കുന്ന ക്ഷണം സ്വീകരിച്ചുള്ള ജപ്പാനീസ് ചക്രവര്‍ത്തിയുടെ സന്ദര്‍ശനത്തിന്റെ പ്രത്യേക രാഷ്ട്രീയ പ്രാധാന്യത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ശംഭു കുമാരന് പ്രതികരിച്ചു. ഇന്ത്യ ഈ സന്ദര്‍ശനത്തെ ഒരു ബഹുമതിയായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ ചൈനാ കടലില്‍ ചൈന പ്രഖ്യാപിച്ച വ്യോമപ്രതിരോധ മേഖലയെ ചൊല്ലി ചൈനയും ജപ്പാനും തമ്മില്‍ തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം നടക്കുന്നത്.

