അട്ടപ്പാടി പാക്കേജ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയതായി മന്ത്രി കെ.സി ജോസഫ്. ആദിവാസി മേഖലയില്‍ മന്ത്രിതല സംഘം ഇന്നലെയും ഇന്നുമായി നടത്തിയ സന്ദര്‍ശനത്തില്‍ വീഴ്ച ബോധ്യപ്പെട്ടതായും ഇത് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബുധനാഴ്ച മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. നവജാത ശിശുമരണ നിരക്ക് ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിതല സംഘം മേഖലയില്‍ എത്തിയത്.
ആരോഗ്യ വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ എന്നിവരടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച അട്ടപ്പാടി സന്ദര്‍ശിച്ചത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുകോടി രൂപ അടിയന്തര സഹായം ഇന്നലെ സംഘം പ്രഖ്യാപിച്ചിരുന്നു. സൗജന്യ ചികിത്സ ലഭിക്കാനായി ആദിവാസികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുമെന്ന് മന്ത്രി പി.കെ ജയലക്ഷ്മി ഇന്ന് കൂട്ടിച്ചേര്‍ത്തു.
ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യറേഷന് അനുവദിക്കുമെന്നും ഡിസംബര്‍ അഞ്ചിനു മുമ്പ് കുടുംബശ്രീ സംഘങ്ങളുടെ ചുമതലയില്‍ സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രിമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഏകോപന സമിതി രൂപീകരിക്കാനും പദ്ധതികളുടെ ഏകോപനത്തിനായി രണ്ട് പ്രത്യേക ഓഫീസര്‍മാരെ അട്ടപ്പാടിയില്‍ നിയമിക്കാനും മന്ത്രിതല സംഘത്തിന്റെ യോഗം തീരുമാനിച്ചിട്ടുണ്ട്.
അട്ടപ്പാടിയോടുള്ള സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് സി.പി.ഐ.എമ്മും സി.പി.ഐയും തിങ്കളാഴ്ച ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. എന്നാല്‍, മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം അറിഞ്ഞ ശേഷമേ ഇതില്‍ തീരുമാനമെടുക്കൂ എന്ന് നിലപാടിലാണ് നിരാഹരമിരിക്കുന്ന പാലക്കാട് എം.പി എം.ബി രാജേഷും സി.പി.ഐ നേതാവ് ഈശ്വരി രേശനും.
