കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയും തമിഴ്നാടും ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടിയത്. തമിഴ്നാട്ടിലെ 37 ജില്ലകളില്‍ 12 ജില്ലകളിലും കൊറോണ വ്യാപനം അതിതീവ്രമാണ്. കൊറോണവ്യാപനം വളരെ രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.
തമിഴ്നാട്ടില്‍ മൂന്നാംഘട്ടത്തില്‍ എങ്ങനെയാണോ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയത് അത് പോലെ തന്നെ ആയിരിക്കും കൊറോണ അതിതീവ്രമായി ബാധിച്ച 12 ജില്ലകളിലും നാലാംഘട്ട ലോക്ക്ഡൗണ്‍ നടപ്പിലാക്കുക. മറ്റ് 25 ജില്ലകളില്‍ ഇളവുകളോടെയുള്ള ലോക്ക്ഡൗണായിരിക്കും നടപ്പിലാക്കുക. ഇവിടെ ജില്ലയ്ക്ക് അകത്ത് സഞ്ചരിക്കാന്‍ പാസ് വേണ്ടി വരില്ല. എന്നാല്‍ അതിതീവ്രബാധിത ജില്ലകളിലേക്ക് പോവുന്നതിന് പാസ് നിര്‍ബന്ധമാണ്. സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കേണ്ട എന്നാണ് തീരുമാനം. നഗരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാപാരശാലകള്‍ക്ക് അമ്പത് ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാമെന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ സംസ്ഥാനവ്യാപകമായാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഏതൊക്കെ മേഖലകള്‍ക്കാണ് ഇളവ് അനുവദിക്കുന്നത് എന്ന കാര്യങ്ങള്‍ വിശദീകരിച്ച് ഉത്തരവ് ഉടന്‍ ഇറങ്ങും. മഹാരാഷ്ട്രയില്‍ 30,000 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.