പുറത്താക്കപ്പെട്ട പ്രസിഡന്റ് മൊഹമ്മദ് മൊര്‍സിയുടെ അനുയായികള്‍ക്ക് നേരെ സൈന്യം വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന റാലികള്‍ക്ക് ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് ആഹ്വാനം നല്കി. ആക്രമണത്തില്‍ ചുരുങ്ങിയത് പത്ത് സുരക്ഷാ സൈനികരടക്കം 82 പേരെങ്കിലും കൊല്ലപ്പെട്ടതായി കരുതുന്നു. അതിനിടെ, തലസ്ഥാനമായ കൈറോവിലെ ഒരു മസ്ജിദില്‍ അഭയം തേടിയ ആയിരത്തിലേറെ വരുന്ന പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സൈന്യം ആരംഭിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ 600-ല്‍ അധികം പേര് കൊല്ലപ്പെട്ട സൈനിക നടപടികളില്‍ പ്രതിഷേധിക്കാനായി മുസ്ലിം ബ്രദര്‍ഹുഡ് നല്കിയ ആഹ്വാനം അനുസരിച്ച് നടത്തിയ റാലിയാണ് അക്രമത്തില്‍ കലാശിച്ചത്. സായുധരായ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും മൊര്‍സിയുടെ എതിരാളികളും പരസ്പരം വെടിയുതിര്‍ക്കാന്‍ തുടങ്ങിയതോടെ സൈന്യം ഇടപെടുകയായിരുന്നു.
തുടര്‍ന്ന് അല്‍-ഫത് പള്ളിയില്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ അഭയം തേടി. അറസ്റ്റ് ഭയന്ന് പള്ളി വിടാന്‍ ഇവര്‍ വിസ്സമ്മതിച്ചതോടെ സൈന്യം പള്ളിയില്‍ പ്രവേശിച്ചു. സൈന്യം പ്രക്ഷോഭകരുമായി പള്ളിയില്‍ ചര്‍ച്ച നടത്തുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസ്ലിം ബ്രദര്‍ഹുഡ് നേതാവായിരുന്ന പ്രസിഡന്റ് മൊഹമ്മദ് മൊര്‍സിയെ ജൂലൈ മൂന്നിന് സൈന്യത്തിന്റെ നേതൃത്വത്തില്‍ പുറത്താക്കിയതിനെ തുടര്‍ന്ന് ഈജിപ്തില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെയുള്ള സൈനിക നടപടികളില്‍ കഴിഞ്ഞ ആഴ്ച മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു.

