Skip to main content
കെയ്റോ

ഈജിപ്തിലെ മുന്‍പ്രസിഡന്റ് മുഹമ്മദ്‌ മുര്‍സിയുടെ പാര്‍ട്ടിയായ മുസ്ലിം ബ്രദര്‍ ഹുഡിന് കോടതി നിരോധനം ഏര്‍പ്പെടുത്തി. സംഘടനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഈജിപ്ത് കോടതി ഉത്തരവിട്ടു. ബ്രദര്‍ഹുഡ്‌ നേതാക്കള്‍ അംഗങ്ങളായ മറ്റ്‌ സംഘടനകള്‍ക്കും കോടതി നിരോധനം ഏര്‍പ്പെടുത്തി.

 

ബ്രദര്‍ഹുഡിന്‍റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ഒരു സര്‍ക്കാര്‍ തല കമ്മിറ്റി രൂപീകരിക്കാനും കോടതി ഉത്തരവായി. സംഘടനയുടെ പ്രമുഖ നേതാക്കളെല്ലാം ജയിലിലാണ് അല്ലാത്തവര്‍ ഒളിവിലും. മുര്‍സിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വലിയ കലാപമാണ്‌ ഈജിപ്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

രണ്ടാം തവണയാണ്‌ മുസ്ലിം ബ്രദര്‍ഹുഡിന്‌ ഈജിപ്തില്‍ നിരോധനം വരുന്നത്. 85 വര്‍ഷം മുന്‍പ്‌ നിലവില്‍ വന്ന മുസ്ലീം ബ്രദര്‍ ഹുഡിനെ 1954 ല്‍ ഈജിപ്‌തിലെ സൈനിക ഭരണകൂടം നിരോധിച്ചിരുന്നു. അടുത്ത കാലത്താണ്‌ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്‌.