പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി 25 ശതമാനം വോട്ട് ലക്ഷ്യമാക്കുന്നത് എന്തുകൊണ്ട്?
തൃശ്ശൂർ, തിരുവനന്തപുരം കോർപ്പറേഷനുകൾ അധികാരം പിടിക്കുക, വോട്ട് ശതമാനം നിലവിലുള്ള 20 ൽ നിന്ന് 25 ആക്കി ഉയർത്തുക. ഇതാണ് അമിത് ഷായിലൂടെ പ്രഖ്യാപിക്കപ്പെട്ട ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ തൊട്ടടുത്ത ലക്ഷ്യം. ഈ രണ്ട് ലക്ഷ്യങ്ങളും കാര്യമായി അധ്വാനിച്ചു കഴിഞ്ഞാൽ ബിജെപിക്ക് ഒരുപക്ഷേ നേടാൻ കഴിഞ്ഞേക്കും . ബിജെപി സംസ്ഥാന അധ്യക്ഷൻ അധികാരം ഏറ്റെടുത്ത ഉടൻ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തനം ആരംഭിക്കുകയുണ്ടായി. കോർപ്പറേറ്റ് സംവിധാനത്തിൽ എന്നപോലെ വ്യക്തമായ നിർദ്ദേശങ്ങൾ ഓരോരുത്തർക്കും നൽകുകയും, ഉത്തരവാദിത്വം വിഭജിച്ച് നൽകിയുമാണ് ചന്ദ്രശേഖർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നേതാക്കളെ പ്രവർത്തിക്കാൻ രംഗത്തിറക്കിയിരിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിലും രാജീവ് ചന്ദ്രശേഖർ നൽകുന്ന ഊന്നൽ ഒന്നുമാത്രം - വികസിത കേരളം. ആ വികസിത കേരളത്തിൻറെ വ്യക്തമായ ഒരു ചിത്രവും പ്രാദേശിക തലത്തിൽ ജനങ്ങളുമായി പങ്കുവയ്ക്കാൻ നേതൃത്വത്തെ ഇതിനകം തന്നെ രാജീവ് ചന്ദ്രശേഖർ പരിശീലനം നൽകി കഴിഞ്ഞു. അതിൻറെ ഭാഗമായിട്ടാണ് ഓരോ പാർട്ടി ജില്ലാ ഘടകങ്ങളിലും പ്രത്യേക സ്റ്റഡി ക്ലാസുകളും സമ്മേളനങ്ങളും നടത്തപ്പെട്ടത്.
രാജീവ് ചന്ദ്രശേഖരന്റെ ലക്ഷ്യം തന്നെയാണ് അമിത് ശനിയാഴ്ച തലസ്ഥാന നഗരിയിൽ പ്രഖ്യാപിച്ചതും . അധ്വാനിച്ചാൽ നേടാൻ കഴിയുന്ന ഒരു നേട്ടമാണ് ഇപ്പോൾ ഈ ലക്ഷ്യം. ആ ലക്ഷ്യം നേടിക്കഴിഞ്ഞാൽ തങ്ങൾ പറയുന്നത് സാധ്യമാക്കും എന്ന ഒരു വിശ്വാസ്യത ബിജെപിക്ക് ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ സാധ്യമാകും. ആ വിശ്വാ സ്വത ഉപയോഗിച്ചുകൊണ്ട് 2026ലെ തെരഞ്ഞെടുപ്പിനെ നേരിടുക, പരമാവധി സീറ്റുകൾ സ്വായത്തമാക്കുക. ഇതാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോൾ ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള ഒന്നാം പടിയായിട്ടാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള ഈ ലക്ഷ്യങ്ങളുടെ പ്രഖ്യാപനം അമിത് ഷായിലൂടെ നടത്തപ്പെട്ടത്.
