ലാലുപ്രസാദിന്റെ അഴിമതിയെ രാഹുൽ എങ്ങനെ നേരിടും
ലാലുപ്രസാദ് യാദവ് അഴിമതിയും വഞ്ചനയും നടത്തിയെന്ന കോടതിയുടെ കണ്ടെത്തലിനെ എങ്ങനെ രാഹുൽ ഗാന്ധി നേരിടും എന്നുള്ളതാണ് ബീഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസും മഹാസഖ്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി . ലാലുപ്രസാദ് യാദവന്റെ മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടിയാണ് ബിഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യം വോട്ടർമാരെ നേരിടാൻ പോകുന്നത്.
കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ലാലുപ്രസാദ് മാത്രം അഴിമതി നടത്തിയെന്നല്ല, മറിച്ച് അദ്ദേഹത്തിൻറെ കുടുംബവും അതിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതാണ്. റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ടെൻഡറിൽ തിരുമറി നടത്തി കമ്പോള വിലയിൽ വളരെ താഴ്ന്ന നിരക്കിൽ ഭാര്യയുടെയും മകളുടെയും പേരിൽ ഭൂമി അപഹരിച്ചു എന്നതാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെയെല്ലാം തെളിവുകളും കോടതിയുടെ മുന്നിലുണ്ട്.
ബിഹാറിലുടനീളം വോട്ടുചോരി യാത്ര രാഹുൽ ഗാന്ധി നടത്തിയത് തേജസ്വി യാദവിനൊപ്പമാണ്. ബീഹാർ ഉടനീളം രാഹുൽ ഗാന്ധി നടത്തിയ യാത്ര കോൺഗ്രസിനും മഹാസഖ്യത്തിനും വളരെയധികം അനുകൂലമായിട്ടുണ്ടെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. അനുകൂലമായ ആ അവസ്ഥയെ പ്രചാരണത്തിൽ ഉപയോഗിക്കുന്നതിന് പകരം പ്രതിരോധത്തിന്റെ വഴിയിലേക്ക് പോകേണ്ട അവസ്ഥയാണ് കോടതി വിധിയിലൂടെ ഇപ്പോൾ സംജാതമായിരിക്കുന്നത്.
