ഋഷിരാജ് സിംഗ് എങ്ങനെ കള്ളനായി?
ഏതാനും ദിവസം മുൻപാണ് മുൻ ഡിജിപി ഋഷിരാജ് സിംഗ് കുറച്ചു നേരത്തേക്ക് കള്ളനായത്. കാരണം വന്ദേ ഭാരതിൽ സഹയാത്രികയായിരുന്ന ലേഡി ഡോക്ടറുടെ വിലപിടിപ്പുള്ള കണ്ണട പ്ലാറ്റ്ഫോമിലായിപ്പോയ അദ്ദേഹത്തിൻ്റെ കൈവശമിരുന്നു. ഡോക്ടർ ട്രെയിനിറങ്ങിയപ്പോൾ സീറ്റിനോടൊപ്പമുള്ള പൗച്ചിൽ അവർ കണ്ണട മറന്നു വച്ചു. അതുകണ്ട് റിഷിരാജ് സിംഗ് അതവരെ ഏൽപ്പിക്കാനായി പ്ലാറ്റ്ഫോമിലിറങ്ങി അവരെ തെരഞ്ഞു. അതിനിടയിൽ വന്ദേ ഭാരത് വിട്ടു. അതിനു മുൻപ് സ്വമേധയാ വന്ദേ ഭാരതിൻ്റെ വാതിലടഞ്ഞു.
വസ്തുനിഷ്ട മാധ്യമ പ്രവർത്തന കണ്ണിലൂടെ നോക്കിയാൽ അദ്ദേഹത്തെ കള്ളനാക്കിയതിൻ്റെ പ്രത്യക്ഷകാരണം പുത്തൻ സാങ്കേതികവിദ്യ അഥവാ കാലം. അല്ലെങ്കിൽ നീങ്ങിത്തുടങ്ങന്ന ട്രെയിനിൽ അദ്ദേഹം കയറുമായിരുന്നു. യഥാർത്ഥ കാരണം അതാണോ? അല്ലേ അല്ല. ആ കാരണങ്ങളിലേക്ക് വായനക്കാരെയും പ്രേക്ഷകരെയും കൂട്ടിക്കൊണ്ടുപോകുന്നിടത്താണ് വർത്തമാനകാല മാധ്യമപ്രവർത്തനം തുടങ്ങേണ്ടത്.
'പ്രത്യക്ഷകാരണ റിപ്പോർട്ടിംഗ് കോടിയിരട്ടി മികവിൽ ഇന്ന് സാങ്കേതിവിദ്യയ്ക്ക് കഴിയും. ഒക്ടോബർ 22 നു പത്രത്തിൽ വന്ന ഒരു വാർത്ത -'അന്ധവിശ്വാസത്തെ ചോദ്യം ചെയ്തു; ഭാര്യയെ കൊന്ന് കുഴൽക്കിണറിലിട്ടു മൂടി' പ്രബുദ്ധ മലയാളിക്ക് ക്ഷ പിടിക്കുന്ന തലക്കെട്ട്. പോലീസ് അന്വേഷണം തുടങ്ങും മുൻപ് മാധ്യമപ്രവർത്തകർ കാരണം കണ്ടെത്തി. എന്നാൽ ആ കുറ്റകൃത്യത്തിൻ്റെ പിന്നിലുള്ള കാരണം അതല്ലെന്ന് തിരിച്ചറിയാൻ 25 ശതമാനം സാമാന്യബുദ്ധി മതി. ആരുടെയെങ്കിലും ആത്മഹത്യ വാർത്ത കേട്ടാൽ ചാനൽ ആങ്കർ റിപ്പോർട്ടറോട് ചോദിക്കുന്നത് കേൾക്കാം, കാരണമെന്താണന്നറിഞ്ഞോ? എന്ന് . നിരുത്തരവാദിത്വപരമായ ഈ രീതിയെ ഇഡിയോട്ടിക് മാധ്യമ പ്രവർത്തനം എന്ന് കണ്ടു വേണം നാം അത് വായിക്കാനും കേൾക്കാനും.
