പ്രതിരോധ, സുരക്ഷാ രംഗങ്ങളിലെ സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയും അഫ്ഗാനിസ്താനും. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അഫ്ഗാനിസ്താന് ദേശീയ സുരക്ഷാ പ്രതിരോധ സേനയുടെ പരിശീലനം, ഉപകരണങ്ങള്‍, അടിസ്ഥാനസൗകര്യ ആവശ്യങ്ങള്‍ എന്നിവയില്‍ ഇരുരാജ്യങ്ങളും പ്രത്യേക ശ്രദ്ധ നല്‍കും. അഫ്ഗാന് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ ഉന്നത സൈനിക വിദ്യാഭാസത്തിനുള്ള കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി.
അഫ്ഗാന് സേനയ്ക്കും പോലീസിനും ആവശ്യമായ സൈനിക ഉപകരണങ്ങള്‍ കൈമാറാന്‍ കര്‍സായി ഇന്ത്യയോട് അഭ്യര്‍ഥിച്ചു. ഏതെല്ലാം ഉപകരണങ്ങള്‍ എപ്പോള്‍ കൈമാറണമെന്നത് ഇന്ത്യയ്ക്ക് തീരുമാനിക്കാം എന്നും കര്‍സായി പറഞ്ഞു. ഇറാനുമായി ചേര്‍ന്ന് അഫ്ഗാനിസ്താന് വഴി പുതിയ വ്യാപാര-യാത്രാ വഴികള്‍ വികസിപ്പിക്കുന്നതും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
സഹായവും പുന:നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി 200 കോടി ഡോളറിന്റെ സാമ്പത്തിക സഹകരണമാണ് ഇന്ത്യ അഫ്ഗാന് നല്‍കിയിട്ടുള്ളത്. ഒട്ടേറെ അഫ്ഗാന് സൈനികരെ പരിശീലിപ്പിക്കുകയും 2011-ല്‍ സൈനിക മാനങ്ങളുള്ള തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഒപ്പ് വെച്ചിട്ടുമുണ്ടെങ്കിലും ഇന്ത്യ അഫ്ഗാനുമായി ഇതുവരെ ആയുധ ഇടപാടുകള്‍ നടത്തിയിട്ടില്ല.
യു.എസും അഫ്ഗാനിസ്താനും തമ്മില്‍ ഒപ്പിടാനിരിക്കുന്ന സുരക്ഷാ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കര്‍സായി മന്മോഹന് സിങ്ങുമായി ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്താനില്‍ നിന്ന് യു.എസ് സൈനികരുടെ 2014-ല്‍ നിശ്ചയിച്ചിരിക്കുന്ന പിന്മാറ്റവുമായി ബന്ധപ്പെട്ട ഈ കരാറില്‍ കര്‍സായിയും യു.എസും തമ്മില്‍ അഭിപ്രായ ഭിന്നതയിലാണ്. അഫ്ഗാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഇന്ത്യ എതിരാണെന്നും കര്‍സായി സ്വീകരിക്കുന്ന ഇത് നിലപാടും ഇന്ത്യ പിന്തുണക്കുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞിരുന്നു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കര്‍സായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച വൈകുന്നേരം മുഖര്‍ജി നല്കിയ വിരുന്നിലാണ് ഇരു രാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് എന്നിവരുമായും കര്‍സായി ചര്‍ച്ച നടത്തി.
