സി.പി.ഐ.എമ്മിലേക്കുള്ള കെ.ആര്.ഗൗരിയമ്മയുടെ മടക്കയാത്രയ്ക്കുള്ള അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. അതിന്റെ ഭാഗമായാണ് മുന്‍ എം.എല്‍.എ കെ.കെ ഷാജുവിനേയും കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.ടി ഇതിഹാസിനേയും ശനിയാഴ്ച ആലപ്പുഴയില്‍ ചേര്‍ന്ന ജെ.എസ്.എസ്സിന്റെ സംസ്ഥാന കമ്മിറ്റി യോഗം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. ഗൗരിയമ്മ സി.പി.ഐ.എമ്മിലേക്ക് മടങ്ങുന്നത് എതിര്‍ത്തവരാണ് ഇരുവരും.
സംസ്ഥാനകമ്മറ്റിയില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയത്തില്‍ നിശിതമായ രീതിയിലാണ് യു.ഡി.എഫിനെ വിമര്‍ശിച്ചിട്ടുള്ളത്. യു.ഡി.എഫ് വര്‍ഗ്ഗീയ ശക്തികളുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്നും സര്‍ക്കാരിന് ക്ഷേമപ്രവര്‍ത്തനങ്ങളൊന്നും തന്നെ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും പ്രമേയത്തില്‍ പറയുന്നു. അതിനുപരി യു.ഡി.എഫ് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും ആക്ഷേപം ഉന്നയിക്കുന്നു. വര്‍ത്തമാന കാലത്തിലെ അടിയന്തരാവശ്യം ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നേറ്റമാണെന്നും പ്രമേയം അഭിപ്രായപ്പെട്ടു. പങ്കെടുത്ത 94 പേരില്‍ 70 പേര് പ്രമേയത്തെ അനുകൂലിച്ചു.
സി.പി.ഐ.എമ്മിലേക്ക് ഘടകകക്ഷിയായി മടങ്ങാനാണ് ഗൗരിയമ്മയ്ക്ക് താല്‍പ്പര്യം. ഇപ്പോള്‍ കൂടെയുള്ളവരെ കൂടെത്തന്നെ നിര്‍ത്താന്‍ അതല്ലാതെ വഴിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തു തന്നെ ഗൗരിയമ്മ പോകാന്‍ തയ്യാറെടുത്തതാണ്. എന്നാല്‍ ഘടകകക്ഷിയായി വരുന്നതിനെ സി.പി.ഐ.എം അനുകൂലിക്കാതിരുന്നതിനാല് അത് നടന്നില്ല. എം.എ.ബേബിയായിരുന്നു ഗൗരിയമ്മയുമായി അന്ന് ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍ ഇപ്പോള്‍ ഗൗരിയമ്മ സ്വന്തം നിലയ്ക്ക് സി.പി.ഐ.എമ്മിലേക്ക് പ്രവേശിക്കുകയായിരിക്കും.
ഗൗരിയമ്മയെ യു.ഡി.എഫില്‍ പിടിച്ചുനിര്‍ത്താന്‍ ഇപ്പോഴും യു.ഡി.എഫ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഒടുവിലത്തെ ശ്രമം മഹാരാഷ്ട്രാ ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന് വഴിയായിരുന്നു. അദ്ദേഹം ഗൗരിയമ്മയെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു.
ഗൗരിയമ്മ സി.പി.ഐ.എമ്മിലേക്കു പോവുകയാണെങ്കില്‍ മുന്‍ എം.എല്‍.എ രാജന് ബാബുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം രാഷ്ട്രീയകക്ഷിയായി യു.ഡി.എഫില്‍ തുടരും. അതിന് എസ്.എന്‍.ഡി.പി യൂണിയന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ വാഗ്ദാനം നല്കിയിട്ടുണ്ടെന്നാണറിയുന്നത്. എസ്.എന്‍.ഡി.പി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ശക്തിപ്രകടനം വരെ നടത്തിക്കൊടുക്കാമെന്ന് വെള്ളാപ്പളളി സമ്മതിച്ചാതായണറിയുന്നത്.
യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് അനുഭവിക്കേണ്ടിവന്ന അവഗണനയില്‍ മനം നൊന്താണ് മുഖ്യമായും ഗൗരിയമ്മ മാതൃസംഘടനയിലേക്ക് തിരിച്ചുപോകാന്‍ തയ്യാറാകുന്നത്. ഏറ്റവുമൊടുവില്‍ തനിക്കുണ്ടായ വ്യക്തിപരമായ അനുഭവം അവരെ വല്ലാതെ വേദനിപ്പിച്ചു. ബോര്‍ഡ്, കോര്പ്പറേഷന് ചര്‍ച്ചകളുടെ ആവശ്യത്തിനായി സെക്രട്ടറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാനായി ചെന്ന ഗൗരിയമ്മക്ക് മൂന്ന് മണിക്കൂര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് അവരെ തന്റെ മുറിയില്‍ കൊണ്ടിരുത്തുകയാണുണ്ടായത്. അതുപോലെ തന്നെ രാഷ്ട്രീയമായിപ്പോലും യു.ഡി.എഫിനകത്ത് ജെ.എസ്.എസ്സിന് അംഗീകാരം ലഭിച്ചിരുന്നില്ല. ആലപ്പുഴ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജെ.എസ്.എസ്സ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിച്ചതടക്കമുള്ള വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ശനിയാഴ്ച പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.ടി. ഇതിഹാസ് ഗൗരിയമ്മയുടെ സന്തത സഹചാരിയായിരുന്നു. തന്റെ വ്യക്തിപരമായ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഇതിഹാസിനെ പാര്‍ട്ടിയിലെ പലരുടേയും എതിര്‍പ്പിനെ അവഗണിച്ച് ബോര്‍ഡ് ചെയര്‍മാനാക്കിയത്. ഒന്നര വര്‍ഷം കഴിയുമ്പോള്‍ മാറിക്കൊടുക്കാമെന്ന വ്യവസ്ഥയില്‍. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതിഹാസ് ഗൗരിയമ്മയെ തള്ളിപ്പറയുകയും ചെയര്മാന് സ്ഥാനത്ത് തുടരുകയും ചെയ്യുകയാണുണ്ടായത്.
2014 ജനുവരി 23, 24, 25 തീയതികളില്‍ ജെ.എസ്.എസ്സിന്റെ സംസ്ഥാന സമ്മേളനം നടക്കുകയാണ്. ആ സമ്മേളനം കഴിഞ്ഞാല്‍ അധികം വൈകാതെ സി.പി.എമ്മിലേക്ക് മടങ്ങാനാണ് ഗൗരിയമ്മ ഉദ്ദേശിക്കുന്നതെന്നറിയുന്നു.