ന്യൂഡല്‍ഹിയിലെ മഹാരാഷ്ട്ര സദനില്‍ ഒരു മുസ്ലിം ജീവനക്കാരനെ ശിവസേന എം.പിമാര്‍ ചേര്‍ന്ന്‍ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചതായ ആരോപണത്തില്‍ ലോകസഭയില്‍ ബുധനാഴ്ച ബഹളം. ശിവസേന എം.പി രാജന്‍ വിചാരേ ബലം പ്രയോഗിച്ച് ചപ്പാത്തി കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മഹാരാഷ്ട്ര സദന്‍ ഖേദം പ്രകടിപ്പിച്ചു.
കഴിഞ്ഞ ആഴ്ച നടന്ന സംഭവം ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് ഇന്ന്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥാപനമായ ഐ.ആര്‍.സി.ടി.സിയാണ് മഹാരാഷ്ട്ര സദനില്‍ ഭക്ഷണത്തിന്റെ കരാര്‍ എടുത്തിരിക്കുന്നത്. മഹാരാഷ്ട്ര ഭക്ഷണം വിളമ്പാത്തതിന്റെ പേരില്‍ ഐ.ആര്‍.സി.ടി.സിയുടെ കാറ്ററിംഗ് മാനേജര്‍ അര്‍ഷാദ് സുബൈറിനെയാണ് 11 ശിവസേന എം.പിമാര്‍ ചേര്‍ന്ന് ഭക്ഷണം കഴിപ്പിച്ചത്. റംസാന്‍ നൊയമ്പ് നോല്‍ക്കുന്ന സമയത്തായിരുന്നു സംഭവം.
ലോകസഭയില്‍ വിഷയം ഉയര്‍ത്തിയ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എം.പിമാരില്‍ നിന്ന്‍ വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നിട്ടില്ലെന്നും അതിന് ശേഷം ചര്‍ച്ച നടത്തിയാല്‍ മതിയെന്നും പാര്‍ലിമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടെങ്കിലും സ്പീക്കര്‍ സുമിത്ര മഹാജന്‍ ശൂന്യവേളയില്‍ ചര്‍ച്ച അനുവദിക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു. എം.പിമാര്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസും ആവശ്യമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ ശിവസേന എം.പിമാര്‍ നിഷേധിച്ചിട്ടുണ്ട്. മോശം ഭക്ഷണത്തില്‍ പ്രതിഷേധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ജീവനക്കാരന്റെ മതം അറിയില്ലായിരുന്നുവെന്നും എം.പിമാര്‍ വിശദീകരിക്കുന്നു.
ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച് സംഭവത്തെ തുടര്‍ന്ന്‍ ഐ.ആര്‍.സി.ടി.സി മഹാരാഷ്ട്ര സദനിലേക്കുള്ള സേവനം ഉടന്‍ നിര്‍ത്തിവെച്ചു. മഹാരാഷ്ട്ര റെസിഡന്റ് കമ്മീഷണര്‍ക്ക് ഐ.ആര്‍.സി.ടി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജൂലൈ 17-ന് പ്രതിഷേധം രേഖപ്പെടുത്തി കത്തയക്കുകയും ചെയ്തിരുന്നു. എം.പിമാര്‍ മറ്റ് ഐ.ആര്‍.സി.ടി.സി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും കത്തില്‍ പറയുന്നു. പേര് രേഖപ്പെടുത്തിയ യൂണിഫോമാണ് അര്‍ഷാദ് ധരിച്ചിരുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
റെസിഡന്റ് കമ്മീഷണര്‍ മഹാരാഷ്ട്ര സര്‍ക്കാറിന് വേണ്ടി ഐ.ആര്‍.സി.ടി.സിയോടും അര്‍ഷാദിനോടും ഖേദം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഉചിതമായ നടപടി എടുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.