Skip to main content
ന്യൂഡല്‍ഹി

കനത്ത മഴയെ തുടര്‍ന്ന് ഉത്തരേന്ത്യയിലുണ്ടാകുന്ന അപകടങ്ങളില്‍ ജീവനാശം. ഉത്തരഖണ്ഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മൂന്ന്‍ പേര്‍ മരിച്ചു. പൂനയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. ഇവിടെ 25 പേരെങ്കിലും മരിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

 

pune landslide rascue operations

 

ഉത്തരഖണ്ഡിലെ തെഹ്രി ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30-നാണ് മേഘവിസ്ഫോടനം ഉണ്ടായത്. തുടര്‍ന്നുള്ള ശക്തമായ മഴയില്‍ റുയിസ് കര കവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിലാണ് നെതാദ് ഗ്രാമത്തില്‍ മൂന്ന്‍ സ്ത്രീകള്‍ മരിച്ചത്. രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന വെള്ളപ്പൊക്കത്തില്‍ മറ്റ് മൂന്നുപേരെ കാണാതാകുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

 

പൂന ജില്ലയിലെ മലിന്‍ ഗ്രാമത്തില്‍ 150-ല്‍ അധികം പേര്‍ കുടുങ്ങിയ മണ്ണിടിച്ചിലില്‍ 25 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മണ്ണിനടിയിലായ വീടുകളില്‍ പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് കരുതുന്നു. അമ്പതോളം വീടുകള്‍ ഉണ്ടായിരുന്ന മലിനില്‍ ഇപ്പോള്‍ ആറോളം കെട്ടിടങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.

 

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് വ്യാഴാഴ്ച അപകട സ്ഥലം സന്ദര്‍ശിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും സംസ്ഥാനത്ത് നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്കും പോലീസിനും നാട്ടുകാര്‍ക്കും ഒപ്പം തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. മോശം കാലാവസ്ഥയെ അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തനം. കുന്നിന്‍ചെരുവില്‍ ഉള്ള ആറോളം ഗ്രാമങ്ങളില്‍ നിന്ന്‍ ആളുകളെ ഒഴിപ്പിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.