Skip to main content

കെയ്റോ: ഈജിപ്ത് പാര്‍ലിമെന്റിന്റെ ഉപരിസഭയായ ഷൂറ കൗണ്‍സില്‍, പുതിയ ഭരണഘടന തയ്യാറാക്കിയ ഭരണഘടനാ നിര്‍മ്മാണ സഭ എന്നിവ ഭരണഘടനാ പരമല്ലെന്ന് ഈജിപ്തിലെ പരമോന്നത കോടതി. ഇസ്ലാമിക വാദികള്‍ക്ക് ഭൂരിപക്ഷം ലഭിച്ച തിരഞ്ഞെടുപ്പുകള്‍ നിയമവിരുദ്ധമായിരുന്നെന്നാണ് ഈജിപ്ത് പരമോന്നത ഭരണഘടനാ കോടതിയുടെ വിധി. എന്നാല്‍, പുതിയ പാര്‍ലിമെന്റ് തിരഞ്ഞെടുക്കുന്നതുവരെ ഷൂറ കൗണ്‍സില്‍ പിരിച്ചുവിടില്ലെന്നും കോടതി വ്യക്തമാക്കി.

 

പ്രസിഡന്റ് മുഹമ്മദ്‌ മുര്‍സിയാണ് നൂറംഗ ഭരണഘടനാ നിര്‍മ്മാണ സഭയെ നിയമിച്ചത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന റഫറണ്ടത്തില്‍ സഭ തയാറാക്കിയ ഭരണഘടനക്ക് അനുകൂലമായിരുന്നു ഭൂരിപക്ഷം. ഭരണഘടനയുടെ സാധുതയെ കുറിച്ച് വിധിയില്‍ വ്യക്തമായ പരാമര്‍ശമില്ല.

 

പാര്‍ലിമെന്റിന്റെ ഇരുസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പിന് ആധാരമായ നിയമം അസാധുവായി നേരത്തെ ഭരണഘടനാ കോടതി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഭരണഘടനാ സഭ നിയമനിര്‍മ്മാണ അധികാരം ഷൂറ കൗണ്‍സിലിന് നല്‍കുകയായിരുന്നു. ഇസ്ലാമിക വാദികളായ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ്‌ പാര്‍ട്ടിക്ക് കൗണ്‍സിലെ 42 ശതമാനം സീറ്റുകളുണ്ട്.