Skip to main content
കൈറോ

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ മേധാവി മൊഹമ്മദ്‌ എല്‍ബറദേയ് ഈജിപ്തില്‍ താല്‍ക്കാലിക പ്രധാനമന്ത്രിയായേക്കും. പ്രസിഡന്റായിരുന്ന മൊഹമ്മദ്‌ മൊര്‍സിയെ പുറത്താക്കിയതിനെ തുടര്‍ന്നുള്ള ഭരണപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സൈനിക നേതൃത്വത്തിന്റെ തീരുമാനം.

 

എന്നാല്‍, മൊര്‍സിയേയും ഭരണകക്ഷിയായിരുന്ന മുസ്ലിം ബ്രദര്‍ഹുഡിനേയും ശക്തമായി എതിര്‍ത്തിരുന്ന എല്‍ബറദേയിയുടെ നിയമനം ഈജിപ്ത് രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കിയേക്കാം. അട്ടിമറിക്ക് ശേഷം തുടങ്ങിയ മൊര്‍സിയുടെ അനുയായികളും എതിരാളികളും തമ്മിലുള്ള തെരുവുയുദ്ധം രൂക്ഷമായി തുടരുകയാണ്. മൊര്‍സി വിരുദ്ധ പ്രക്ഷോഭത്തിന്റെ കേന്ദ്രമായ തഹ്രീര്‍ ചത്വരത്തിന് സമീപമുള്ള നൈല്‍ പാലത്തില്‍ തമ്പടിച്ചിരുന്ന മൊര്‍സി അനുകൂലികളെ വെള്ളിയാഴ്ച രാത്രി സൈന്യം ഇടപെട്ട് നീക്കുകയായിരുന്നു.

 

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 37 പേരാണ് അട്ടിമറിക്ക് ശേഷം നടന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. അതേസമയം, മൊര്‍സിയെ പ്രസിഡന്റ് സ്ഥാനത്ത് പുനരവരോധിക്കുകയെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുസ്ലിം ബ്രദര്‍ഹുഡ് ആവര്‍ത്തിച്ചു.