Skip to main content
ചെന്നൈ

ebola virus reperesentation

 

ഗിനിയയില്‍ നിന്ന്‍ ശനിയാഴ്ച രാത്രി ചെന്നൈയില്‍ എത്തിയ ഒരു യാത്രക്കാരനെ എബോള വൈറസ് ബാധയുടെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നിരീക്ഷണത്തിലാക്കി. തമിഴ്‌നാട്ടിലെ തേനി സ്വദേശിയായ യാത്രക്കാരന്‍ വിമാനത്താവളത്തിലെ ചികിത്സാ കേന്ദ്രത്തിലെത്തി പരിശോധന ആവശ്യപ്പെടുകയായിരുന്നു.

 

യാത്രക്കാരനെ രണ്ട് ദിവസത്തേക്ക് ക്വാറന്റൈന്‍ മേഖലയില്‍ നിരീക്ഷണത്തിലാക്കിയ ശേഷം വീട്ടിലേക്ക് വിടുമെന്ന് തമിഴ്‌നാട്‌ പൊതുജനാരോഗ്യ ഡയറക്ടര്‍ കെ കുളന്തസ്വാമി അറിയിച്ചു. ഇതുവരെ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും ഇയാള്‍ പ്രകടിപ്പിചിട്ടില്ലെന്ന് കുളന്തസ്വാമി പറഞ്ഞു.

 

എബോള വൈറസ് ബാധിച്ച് രണ്ട് ദിവസം മുതല്‍ മൂന്ന്‍ ആഴ്ച വരെയുള്ള കാലയളവിലാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പനി, തൊണ്ടവേദന, മസില്‍ വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനം.

 

രോഗിയുടെ മൂത്രം, രക്തം, വിയര്‍പ്പ്, ഉമിനീര് തുടങ്ങിയ ശരീരദ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടരുകയെന്നതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ അറിയിക്കുന്നു. എന്നാല്‍, എബോളയ്ക്ക് ഇതുവരെ പ്രതിരോധ വാക്സിനോ പ്രത്യേക ചികിത്സയോ കണ്ടെത്തിയിട്ടില്ല. 60 ശതമാനത്തോളമാണ് രോഗത്തിന്റെ മരണനിരക്ക്.

 

പശ്ചിമ ആഫ്രിക്കയിലെ നാല് രാജ്യങ്ങളില്‍ പടരുന്ന എബോള വൈറസ് ബാധയെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‍ കേന്ദ്ര സര്‍ക്കാര്‍ എബോള കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ലൈബീരിയയിലെ യു.എന്‍ സമാധാനസേനയുടെ ഭാഗമായ 300 സി.ആര്‍.പി.എഫ് സൈനികര്‍ ഉള്‍പ്പടെ എബോള വൈറസ് ബാധിച്ച രാജ്യങ്ങളില്‍ 44,700 ഇന്ത്യക്കാര്‍ കഴിയുന്നതായി ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ ബുധനാഴ്ച പാര്‍ലിമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

 

2013 ഡിസംബറില്‍ ഗിനിയയില്‍ എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം ഇതുവരെ ആയിരത്തോളം പേര്‍ മരിച്ചിട്ടുണ്ട്. സിയറ ലിയോണ്‍, ലൈബീരിയ, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് ഗിനിയയ്ക്ക് പുറമേ വൈറസ് ബാധ പടര്‍ന്ന രാജ്യങ്ങള്‍. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ശക്തമായ എബോള പകര്‍ച്ചവ്യാധിയായി ഇത് മാറിക്കഴിഞ്ഞതായി ലോകാരോഗ്യ സംഘടന പറയുന്നു.