Skip to main content

 

എന്റെ വീടിനു പടിഞ്ഞാറുള്ള  കുഞ്ഞു കുന്നിന്‍ ചെരിവിലൂടെ ആ ഗ്രാമത്തിലെ  കുട്ടിപ്പട്ടാളം ചരല്‍ പരത്തി... പൊടി പറത്തി... ഊര്‍ന്നിറങ്ങുമ്പോഴുള്ള ആ ആനന്ദം! ബോംബേയില്‍ നിന്നും മദിരാശിയില്‍ നിന്നുമൊക്കെ അവധിക്കു നാട്ടില്‍ വന്ന  സമപ്രായക്കാരായ പരിഷ്കാരി കുട്ടികളുടെ മുന്നില്‍ ഞങ്ങളുടെ രഹസ്യ കൌതുകമായിരുന്നു കുന്നിന്റെ മൂട്ടില്‍ ഒളിഞ്ഞിരുന്ന ‘നരിമട!’ കുട്ടിയായിരുന്നപ്പോള്‍ വീട്ടില്‍ വന്ന കുറുക്കന്റെ വീടാണെന്നും... കുന്നിന്റെ ഉള്ളിലേകുള്ള രഹസ്യ വഴിയായും... മാപ്പിള ലഹള കാലത്തെ ഒളിസങ്കേതമായും... മടയുടെ ഇരുട്ടിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ പോയ പല ‘അനുസരണകെട്ട ചെക്കന്മാര്‍’ അകത്തെ വലിയ കുഴിയില്‍ വീണു മരിച്ചതും... അങ്ങനെയുള്ള പലതും നേരിട്ട് കണ്ടുവെന്നുമൊക്കെയായി കഥകള്‍ എല്ലാ വര്‍ഷവും നിലവാരമുയര്‍ന്നു കൊണ്ടിരുന്നു. കഥ മെനഞ്ഞവരും,  കേട്ടവരും ഒരിക്കലും പൊരുളറിയാന്‍ പുറകെ ഓടിയില്ല! ആ നരിമട എന്നും നാട്ടിന്‍പുറത്തെ കുട്ടികളുടെ തുറുപ്പുചീട്ടായി തുടര്‍ന്നു.

 

ഞാനും അവരില്‍  ഒരാളായിരുന്നു. വള്ളിയുടുപ്പിട്ടു ഏട്ടന്റെ നിഴല്‍ പറ്റി നടന്ന എനിക്ക് ലോകത്ത് നടക്കുന്ന എല്ലാം, നരിമടയുടെ ഇരുട്ടിന്‍റെ കഥ പോലെ, നിര്‍ദോഷമായ കഥകള്‍ മാത്രമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായൊരു കാര്യം കണ്ണിലും മനസ്സിലും തട്ടിയത്. അടുത്ത പ്രദേശത്തെവിടെയോ എന്‍റെ പ്രായം തന്നെയുള്ള കൃഷ്ണപ്രിയ എന്ന കുട്ടിയെ ഏതോ ആള് ഉപദ്രവിച്ചു കൊന്നുവെന്ന്‍! ആ കുട്ടി സ്കൂള്‍ കുപ്പായമിട്ട് കമിഴ്ന്നു കിടക്കുന്ന ചിത്രമാണ് അന്ന് പത്രത്തിന്റെ ആദ്യത്തെ പേജില്‍. അന്ന് ഞാന്‍ ഉറങ്ങാതെ ഏറെ നേരം  അച്ഛന്റെ ചൂട് പറ്റി കിടന്നത് ഓര്‍മയുണ്ട്.

 

എനിക്ക് ചുറ്റും നടക്കുന്ന ഒന്നും എന്നെ ബാധിക്കില്ലെന്നും, അപകടങ്ങളും  ദൌര്‍ഭാഗ്യങ്ങളും മറ്റുള്ളവരുടെ മാത്രമാണെന്നും വിശ്വസിക്കാന്‍ പഠിച്ചു വളര്‍ന്നു വന്ന ഒരു കുട്ടിയില്‍ നിന്നു  ഇന്നത്തെ എന്നിലേക്ക്‌ ഒരു വലിയ ദൂരം തന്നെയുണ്ട്‌. പല കാലഘട്ടങ്ങളിലായി  എന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കും, പല തവണ എനിക്കും, നേരിടേണ്ടിവന്ന ഒരു പിടി അനുഭവങ്ങളുടെ ആകെത്തുകയാണ് ഈ മാറ്റമെന്ന തിരിച്ചറിവാണ് ഇന്നത്തെ ഈ ഞാന്‍.

 

എന്‍റെ എഴുത്തുകുത്തുകളുടെ തുടക്ക കാലങ്ങള്‍ മുതല്‍ ഇത് വരെയും ആദ്യ വായനക്കാരനായ എന്‍റെ സുഹൃത്ത് ഒരിക്കല്‍ വളരെ ആധികാരികമായി എന്‍റെ ഒരു ആശയത്തിനെ ചോദ്യംചെയ്തു. അന്ന് ഞാന്‍ എഴുതിയത് സ്ത്രീപക്ഷ നിയമങ്ങള്‍ കാരണം ഈ ലോകത്ത് ആണുങ്ങള്‍ക്ക് നീതി ലഭിക്കാതെ പോകുന്നു എന്ന വിഷയത്തെ കുറിച്ചായിരുന്നു. അന്നെനിക്കു ചൂണ്ടി കാണിക്കാനുണ്ടായിരുന്ന തെളിവുകള്‍ വിരലില്‍ എണ്ണാവുന്ന ഒരു പിടി ആണുങ്ങളുടെ അനുഭവങ്ങളായിരുന്നു. കാലം ഏറെ കഴിഞ്ഞ്, ഇന്നു ഞാന്‍ മനസ്സിലാക്കുന്നു - മുന്‍പ് ഞാന്‍ ചിന്തിച്ചതല്ല, സത്യം പകല്‍വെളിച്ചം പോലെ തെളിഞ്ഞു നില്‍ക്കുന്ന മറ്റൊന്നാണെന്ന്.

 

പുതിയ  ജോലിയില്‍ പ്രവേശിച്ച സമയത്ത്, പെട്ടന്നൊരു രാത്രി,  ഓഫിസില്‍ അടുത്ത മുറിയില്‍ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനില്‍ നിന്നു അശ്ലീല സന്ദേശങ്ങള്‍ ഫോണില്‍ വന്നതു ഒരു വലിയ ഞെട്ടലായിരുന്നു! അറപ്പ്... വെറുപ്പ്‌... ഭയം... ഒരു നിമിഷം ഞാന്‍ പണ്ടത്തെ ആ പതിമൂന്നു വയസ്സുകാരിയായി. എന്നെ ആരും ശാരീരികമായി പീഡിപ്പിച്ചില്ല. തൊട്ടുകൂടിയില്ല. എന്നിട്ടും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത പകയാണ് അന്ന് തോന്നിയത്. എന്റെ ആത്മാഭിമാനത്തെ ചവിട്ടിയരച്ചിരിക്കുന്നു അയാള്‍. രണ്ടും കല്പിച്ചു ഞാന്‍ അടുത്ത ദിവസം ജോലി സ്ഥലത്തെ സ്ത്രീകളുടെ പ്രശ്നപരിഹാര സെല്ലില്‍ പരാതിപ്പെട്ടു. അയാള്‍ കുറ്റം സമ്മതിച്ചു. ജോലി രാജി വച്ചു. അന്നാണ് ഞാന്‍ ആദ്യമായി അറിയുന്നത് ഇത്തരം ചെയ്തികളും പരാതിപ്പെടാവുന്നതാണെന്ന്.

 

നമ്മള്‍ ഒന്നിനെ കുറിച്ച് തന്നെ കൂടുതല്‍ ചിന്തിക്കുമ്പോള്‍ കാണുന്നതും കേള്‍ക്കുന്നതുമൊക്കെ അത് തന്നെയാവുമെന്നത് തോന്നിയിട്ടുണ്ടോ? എന്നാല്‍  അത് സത്യമാണെന്നാണ് എന്റെ അനുഭവം. പിന്നീടങ്ങോട്ട് എന്‍റെ അടുക്കല്‍ ഒരുപാട് സ്ത്രീകള്‍ സമാന അനുഭവങ്ങളോ അതിലും കടുത്തതോ ആയതും പറഞ്ഞിട്ടുണ്ട്. വീട്ടില്‍... സ്കൂളില്‍... ബസില്‍... ഓഫീസില്‍... എന്നാല്‍ അതില്‍ എന്നെ അതിശയിപ്പിച്ച വസ്തുത അവരില്‍ ആരും തന്നെ പരാതിപ്പെട്ടിട്ടില്ല... എതിര്‍ത്തിട്ടില്ല... അല്ലെങ്കില്‍ അങ്ങനെയൊരു വഴിയുണ്ടെന്നു പലര്‍ക്കും അറിയില്ലായിരുന്നു എന്നതായിരുന്നു. എന്റെ അടുത്ത കര്‍മപദ്ധതി ഏതാണ്ട് തീരുമാനമായി.

 

ജോലിസ്ഥലത്ത് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ച് കുറെ തയ്യാറെടുത്തു. “ഈ വിഷയമൊക്കെ ഇത്ര പറയാനുണ്ടോ? ഇവടെയൊന്നും ഇങ്ങനെയൊന്നും നടക്കില്ല” എന്ന് പറഞ്ഞു മേലുദ്യോഗസ്ഥന്‍ തടയിട്ടു. എന്നാല്‍ എന്റെ ഉദ്ദേശം നടക്കാന്‍ വൈകും തോറും പിന്നെയും ചിലര്‍ അതേ അവസ്ഥയിലൂടെ കടന്നു പോകുമല്ലോ എന്ന ആധി എന്നെ അലട്ടാന്‍ തുടങ്ങിയ കാലത്താണ് ഒരു ദിവസം  എന്റെ സഹപ്രവര്‍ത്തകയും ഒരു വിമുക്തഭടന്റെ വിധവയുമായ ആ സ്ത്രീ  കരഞ്ഞു കൊണ്ട് രാത്രി എന്നെ വിളിച്ചത്. ഓഫിസില്‍ നടന്ന ഒരു സംഭവമായിരുന്നു പിന്നീട് അവര്‍  പറഞ്ഞത്.

 

തലേ ദിവസം ചായക്ക് മുന്നില്‍  വെടിവട്ടം കൂടിയ സമയത്ത് സഹപ്രവര്‍ത്തകരെല്ലാം ഒത്തുകൂടിയ സമയത്ത്...കൂട്ടത്തില്‍ ഏറ്റവും പ്രായം ചെന്ന ആ അറുപതുകാരന്‍ ആ സ്ത്രീയുടെ പുതിയ ചുരിദാറിന്റെ മുന്നിലെ ബട്ടണ്‍ നോക്കി പറഞ്ഞത്രേ: “അത് തുറന്നിട്ട്‌ കാണാനാവും ഇതിലും ഭംഗി” എന്ന്! കൂടിനിന്ന മറ്റു  ആണുങ്ങളും ഒരു സ്ത്രീയും പ്രതികരിച്ചില്ല. അവര്‍ എല്ലാവര്‍ക്കും മുന്നില്‍  അപമാനിക്കപ്പെട്ടു എന്ന ദുഃഖ ഭാരത്തിലാണ് എന്നെ വിളിക്കുന്നത്. പരാതി എഴുതി തരാന്‍ തയ്യാറുമായില്ല.

 

ഒരുപാട് അവസരങ്ങള്‍ കണക്കിലെടുത്ത് ഞാന്‍ ഒരു ഒറ്റയാള്‍ പോരാട്ടമെന്നോണം ഒരു പേരുകേട്ട സ്ത്രീപക്ഷ സംഘടനയുടെ ബോധവല്‍ക്കരണ പോസ്റ്റര്‍ പരസ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, അതെല്ലാം വെളിച്ചം കാണുന്നതിനു മുന്‍പേ ഏതോ ഒരു കൂട്ടം ‘അജ്ഞാത ജീവികള്‍’ എടുത്ത് കൊണ്ട് പോകുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത്.

 

അതിനിടക്കാണ് അടുത്തിടെ  വിവാഹമോചിതനായ എന്റെ ഒരു സുഹൃത്ത് ഒരു ദൗത്യം എന്നെ ഏല്പിച്ചത്. കക്ഷി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനാണ്. രണ്ടാമതും കല്യാണം കഴിക്കാന്‍ പ്ലാന്‍ ഉണ്ട്. പെണ്ണ് വേണം. നിബന്ധനകള്‍ ഇതാണ്. ഒട്ടും വിദ്യാഭ്യാസം വേണ്ട. അയാള്‍ പറയുന്നത് അനുസരിച്ച് ജീവിക്കണം. അയാളെ നന്നായി നോക്കണം. കൂടെ നില്‍ക്കണം. ആകെ ഒരു വ്യവസ്ഥ കൂടിയേയുള്ളു. കല്യാണം ഇപ്പോള്‍ കഴിക്കില്ല! അത് ജോലിയെ ബാധിക്കുമെന്നത് കൊണ്ട് വേറെ സ്ഥലത്ത് താമസിപ്പിക്കാം!! എന്റെ പ്രതികരണത്തിന് ശേഷം പിന്നീടൊരിക്കലും അയാള്‍ എന്നോട് ഇക്കാര്യം മിണ്ടിയിട്ടില്ല.

 

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്താന്‍കൂടി വിലക്ക് ഏര്‍പ്പെടുത്തുന്ന ഈ ലോകത്തിനെക്കുറിച്ചാണല്ലോ ഞാന്‍ സ്ത്രീകള്‍ ഏറെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നു എന്ന മിഥ്യാധാരണ വച്ചുപുലര്‍ത്തിയത്!  ഇത്തരം വിഷയങ്ങളില്‍ തല ഇടുന്നവരുടെ കുടുംബജീവിതം ദുഷ്കരമായിരിക്കുമെന്നു പറഞ്ഞവരോട്, ‘എന്നെ ഭാര്യ എന്ന പദവിക്കും മീതെ, സ്ത്രീ എന്ന നിലയ്ക്കും ഉപരി, ഒരു വ്യക്തിയായി അംഗീകരിച്ച ഒരു പുരുഷനാണ് എന്റെ ജീവിതപങ്കാളി’ എന്ന് ഞാന്‍ സസന്തോഷം വിളിച്ചു പറയട്ടെ! എന്‍റെ പോരാട്ടങ്ങള്‍ ഒരു അജ്ഞാതശക്തിക്ക് മുന്നിലും അടിയറവു വെക്കാനും ഉദേശിക്കുന്നില്ല താനും. സ്ത്രീകളെ മാത്രമല്ല, മനുഷ്യരെ എങ്ങിനെ കാണണം എന്ന് എന്‍റെ മകനെ വേണ്ടുംവണ്ണം പഠിപ്പിക്കുന്നതിനെ ആര്‍ക്കും തടയാനും പറ്റില്ലലോ?!

 

കഴിഞ്ഞ ദിവസം നാട്ടില്‍ പോയപ്പോള്‍  ആ പഴയ  നരിമട കാണാന്‍  ഞാനൊന്നു പോയി. നരിമടക്ക് മീതെ ഇപ്പോള്‍ ഒരു വലിയ കോണ്‍ക്രീറ്റ് കൊട്ടാരമുണ്ട്. പറഞ്ഞും കേട്ടും മനസ്സില്‍ കൊണ്ട് നടന്ന എന്‍റെ ബാല്യകൌതുകങ്ങളും നിര്‍ദോഷങ്ങളായ വിശ്വാസങ്ങളും അന്ത്യകൂദാശ കൈക്കൊണ്ടപ്പോള്‍... ഞാന്‍ തിരിഞ്ഞു നടന്നു യാഥാര്‍ത്ഥ്യത്തിലേക്ക്.


dwitheeya തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ സൈക്കോളജിസ്റ്റ് ആണ് ദ്വിതീയ.