ശരീരത്തിലെ കോശകലകളുടേയും അവയവങ്ങളുടെയും ജൈവിക പ്രായം അളക്കുന്ന ഡി.എന്‍.യില്‍ അധിഷ്ഠിതമായ ആന്തരിക ഘടികാരം കണ്ടെത്തി. വാര്‍ധക്യ പ്രക്രിയയെ മനസിലാക്കാനും അത് വൈകിപ്പിക്കാനും സാധിക്കുന്നതാണ് കണ്ടെത്തല്‍. ലോസ് ആഞ്ചലസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സ്റ്റീവ് ഹോര്‍വത് ആണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍.
ശരീരത്തിന്റെ പ്രായത്തിനനുസൃതമായാണ് ആരോഗ്യമുള്ള ഭൂരിഭാഗം കലകളും വളരുന്നതെങ്കിലും ചിലത് കൂടുതല്‍ വേഗത്തിലോ പതുക്കെയോ ആണ് പ്രായമെത്തുന്നതെന്ന് ഈ ഘടികാരം കാണിക്കുന്നു. അസുഖമുള്ള അവയവങ്ങളില്‍ ഈ വ്യത്യാസം വളരെ പ്രകടമാണ്. ഒരാളിലെ തന്നെ ആരോഗ്യമുള്ള കലകളില്‍ നിന്ന്‍ വര്‍ഷങ്ങള്‍ തന്നെ ‘മൂപ്പെത്തിയവയാണ്’ അസുഖം ബാധിച്ച അവയവങ്ങളെന്നാണ് ഘടികാരം കാണിക്കുന്നത്.
വാര്‍ധക്യ പ്രക്രിയയെ കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുന്ന ഈ ഘടികാരം വാര്‍ധക്യത്തെ പതുക്കെയാക്കാന്‍ സഹായിക്കുന്ന മരുന്നുകളിലേക്കും മറ്റും വഴിതെളിച്ചേക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വാര്‍ധക്യത്തില്‍ പിടിപെടുന്ന ചികിത്സയില്ലാത്തെ അസുഖങ്ങളെ പ്രതിരോധിക്കാനുള്ള വഴിയായി വാര്‍ധക്യം തന്നെ വൈകിപ്പിക്കാനുള്ള ഗവേഷണങ്ങളില്‍ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കൂടുതലായി ഏര്‍പ്പെടുന്നുണ്ട്.
ഹോര്‍വതിന്റെ പരീക്ഷണത്തിലെ ചില ഫലങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. ആരോഗ്യമുള്ള ഹൃദയ കോശകലകളുടെ ജൈവിക പ്രായം ഏകദേശം ഒന്‍പതു വര്‍ഷം കുറവാണെന്നാണ് പരീക്ഷണങ്ങളില്‍ കാണുന്നത്. സ്ത്രീകളുടെ സ്തനങ്ങളിലെ കലകള്‍ ആകട്ടെ, ശരീരത്തെക്കാള്‍ വേഗത്തില്‍ പ്രായം ചെല്ലുന്നു. ശരാശരി രണ്ടു വര്‍ഷം അധികമാണ് ഈ കലകളുടെ പ്രായം. സ്ത്രീകളില്‍ സ്തനാര്‍ബുദം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ നിരീക്ഷണം പ്രാധാന്യമര്‍ഹിക്കുന്നതായി ഹോര്‍വത് പറഞ്ഞു.
അസുഖം ബാധിച്ച കലകള്‍ ഘടികാരത്തിന്റെ വേഗം കൂട്ടുന്നതായും പഠനം വെളിപ്പെടുത്തുന്നു. കാന്‍സര്‍ കോശങ്ങള്‍ ശരാശരി 36 വര്‍ഷം മുന്നോട്ട് ഘടികാരത്തെ കൊണ്ടുപോകുമ്പോള്‍ കുട്ടികളിലെ ചില മസ്തിഷ്ക അര്‍ബുദ കോശങ്ങളുടെ ജൈവിക പ്രായം 80 വര്‍ഷത്തിന് മുകളിലാണ്.