Skip to main content
പോര്‍ട്ട്‌ ബ്ലെയര്‍

prayer for Flight MH 370

 

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എം.എച്ച് 370-ക്കായി നടത്തിവന്ന തിരച്ചില്‍ ഇന്ത്യ ഞായറാഴ്ച താല്‍ക്കാലികമായി അവസാനിപ്പിച്ചു. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപവും ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലുമാണ് ഇന്ത്യ തിരച്ചില്‍ നടത്തിയിരുന്നത്. മലേഷ്യ സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരമാണ് നടപടി.

 

തിരച്ചിലില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ സംയുക്ത സൈനിക കമാണ്ടിന്റെ വക്താവ് കേണല്‍ ഹര്‍മിത് സിങ്ങ് അറിയിച്ചു. മലേഷ്യയില്‍ നിന്നുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നും വക്താവ് പറഞ്ഞു.

 

തട്ടിയെടുക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ബോയിംഗ് 777 ജെറ്റ് വിമാനത്തിനായുള്ള ഒരാഴ്ച നീണ്ട തിരച്ചില്‍ കൂടുതല്‍ വിശകലനത്തിന് ശേഷം പുനരാംഭിക്കാനാണ് മലേഷ്യന്‍ സര്‍ക്കാറിന്റെ തീരുമാനം. തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന 12 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒരു വിശകലന യോഗം ഞായറാഴ്ച മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരില്‍ ചേരുന്നുണ്ട്.

 

കഴിഞ്ഞ ശനിയാഴ്ചയാണ് 227 യാത്രക്കാരും 12 ജീവനക്കാരും അടങ്ങുന്ന വിമാനം ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെക്കുള്ള യാത്രാമധ്യേ കാണാതായത്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ച ശേഷം വിമാനം തട്ടിയെടുത്തതായാണ് കരുതുന്നതെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ശനിയാഴ്ച അറിയിച്ചിരുന്നു.