Skip to main content
ക്വാലാലം‌പൂര്‍

 

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എം.എച്ച് 370-ന്റെ കോക്ക്പിറ്റില്‍ നിന്നുള്ള അവസാന വാക്കുകള്‍ - ‘ആള്‍ റൈറ്റ്, ഗുഡ് നൈറ്റ്’ – ഉച്ചരിക്കപ്പെട്ടത് വിമാനത്തിന്റെ പ്രധാന വിവരവിനിമയ സംവിധാനം വിച്ഛേദിക്കപ്പെട്ടതിന് ശേഷമെന്ന് മലേഷ്യന്‍ അധികൃതര്‍. എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് വന്ന ഈ അനൌപചാരിക സന്ദേശം സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റുമാര്‍ ഉള്‍പ്പെട്ടിരിക്കാമെന്ന നിഗമനത്തിന് ശക്തി കൂട്ടി.

 

മാര്‍ച്ച് എട്ടിന് 239 പേരുമായി ബീജിങ്ങിലേക്ക് പുറപ്പെട്ട വിമാനത്തെ കുറിച്ച് ഇതുവരെയും ഒരു വിവരവുമില്ല. സംഭവം അട്ടിമറിയോ റാഞ്ചലോ ആയിരിക്കാമെന്ന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറിയിച്ചിരുന്നു.  

 

അസമയത്ത് ഈ സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് ലഭിക്കുമ്പോള്‍ റഡാര്‍ പരിധിയ്ക്ക് പുറത്തുപോയാലും വിമാനത്തിന്റെ സ്ഥിതി അറിയാന്‍ കഴിയുന്ന എ.സി.എ.ആര്‍.എസ് സംവിധാനം വിച്ഛേദിക്കപ്പെട്ടിരുന്നെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ പൈലറ്റുമാര്‍ പിന്തുടരേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു സന്ദേശം.

 

ശബ്ദത്തില്‍ മാനസിക സമ്മര്‍ദ്ദമുണ്ടോ എന്ന വിശകലനം അന്വേഷണ സംഘം നടത്തുകയാണ്. വിമാനം തട്ടിയെടുത്തവരാണോ സന്ദേശം നല്‍കിയത് അതോ പൈലറ്റുമാര്‍ തന്നെ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും മന്ത്രി അറിയിച്ചു. വിമാനത്തിലെ പൈലറ്റുമാരുടേയും ജീവനക്കാരുടേയും പശ്ചാത്തലം അന്വേഷണ വിധേയമാക്കിയിട്ടുണ്ട്.

 

ഒരാഴ്ചയായി നടക്കുന്ന തെരച്ചിലില്‍ സഹായിക്കുന്ന 22 രാജ്യങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയ വിശകലന യോഗം ഞായറാഴ്ച മലേഷ്യ വിളിച്ചുചേര്‍ത്തിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് മുതല്‍ കാസ്പിയന്‍ കടല്‍ വരെ നീളുന്ന മേഖലയില്‍ കരയിലും കടലിലുമായി രണ്ട് ദിശകളില്‍ തെരച്ചില്‍ തുടരുന്നതിന് മലേഷ്യ രാജ്യാന്തര സമൂഹത്തിന്റെ സഹായം അഭ്യര്‍ഥിച്ചു. 11 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ തെരച്ചില്‍ മേഖല.