Skip to main content
ക്വാലാലം‌പൂര്‍

ആസ്ട്രേലിയയ്ക്കും ചൈനയ്ക്കും പിന്നാലെ ഫ്രാന്‍സിന്റെ ഉപഗ്രഹങ്ങളും കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന്‍ കരുതുന്ന ചിത്രങ്ങള്‍ എടുത്തു. ആസ്ട്രേലിയയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിദൂര തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്നാണ് അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചത്.

 

ഞായറാഴ്ച കാലത്ത് ഫ്രഞ്ച് അധികൃതരില്‍ നിന്ന്‍ ലഭിച്ച ചിത്രങ്ങള്‍ ആസ്ത്രേലിയയിലെ തിരച്ചില്‍ ഏകോപന കേന്ദ്രത്തിലേക്ക് അയച്ചു കൊടുത്തതായി മലേഷ്യന്‍ ഗതാഗത വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

search area for mh-370

 

വിമാനാവശിഷ്ടങ്ങളുടെ ഈയാഴ്ച ലഭിക്കുന്ന മൂന്നാമത് ചിത്രമാണിത്. നേരത്തെ ആസ്ത്രേലിയയും ഇന്നലെ ചൈനയും സമാനമായ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചതായി അറിയിച്ചിരുന്നു. ചിത്രങ്ങള്‍ ലഭിച്ച സമുദ്ര മേഖലയില്‍ വ്യാഴാഴ്ച മുതല്‍ വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ വായുവിലും കടലിലും തിരച്ചില്‍ തുടരുകയാണ്.

 

മാര്‍ച്ച് എട്ടിനാണ് ബീജിങ്ങിലേക്കുള്ള യാത്രാമധ്യേ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 ജെറ്റ് വിമാനം 239 യാത്രക്കാരുമായി കാണാതായത്. ആധുനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയായി മാറിയിരിക്കുകയാണ് സംഭവം.