പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു എന്ന പരാതിയില്‍ വിവാദ സ്വാമി അസാറാം ബാപ്പുവിനെ രാജസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു അറസ്റ്റ്. അസാറാമിനെ ഡല്‍ഹി വഴി ജോധ്പൂരിലേക്ക് കൊണ്ടുവരും.
മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള അസാറാമിന്റെ ആശ്രമത്തില്‍ നിന്നായിരുന്നു അറസ്റ്റ്. കേസില്‍ ശനിയാഴ്ച ഹാജരാകണമെന്ന് ജോധ്പൂര്‍ കോടതി അസാറാമിന് സമന്‍സ് അയച്ചിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ സതീഷ് ജഹാംഗീറിന്റെ നേതൃത്വത്തിലുള്ള 35 അംഗ പോലീസ് സംഘമാണ് അസാറാമിനെ കസ്റ്റഡിയില്‍ എടുത്തത്.
ആശ്രമത്തിന്റെ ഗേറ്റുകള്‍ മധ്യപ്രദേശ് പോലീസ് അടച്ചിരിക്കുകയാണ്. അസാറാമിന്റെ ആയിരത്തിലധികം വരുന്ന അനുയായികള്‍ ആശ്രമത്തിനകത്തുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ സേനയെ ഇന്‍ഡോറിലേക്ക് അയച്ചിട്ടുണ്ട്.
72-കാരനായ അസാറാമിന്റെ ആരോഗ്യനില മോശമാണെന്നും ചികിത്സ നടക്കുകയാണെന്നും നേരത്തെ മകന്‍ നാരായണ്‍ സായ് അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച പിന്‍വാതില്‍ വഴി ആശ്രമത്തില്‍ കടന്ന ജോധ്പൂര്‍ പോലീസ് അസാറാമിനെ ആരോഗ്യവാനായി കണ്ടിരുന്നു. പോലീസിനെ അനുഗമിച്ച മെഡിക്കല്‍ സംഘം ചോദ്യം ചെയ്യല്‍ നേരിടാനുള്ള ആരോഗ്യനില അസാറാമിനുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.