സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ തെഹൽക മുന്‍ എഡിറ്റർ തരുണ്‍ തേജ്പാലിനെ നാലു ദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. നേരത്തെ അനുവദിച്ച ആറു ദിവസ കാലാവധി അവസാനിച്ചതിനെ തുടർന്ന് ശനിയാഴ്ച തേജ്പാലിനെ ഗോവ സെഷൻസ് കോടതിയിൽ ഹാജരാക്കിയാണ് കാലാവധി നീട്ടി വാങ്ങിയത്. എട്ട് ദിവസം കൂടി തേജ്പാലിനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് തെഹൽക്ക മാനേജിംഗ് എഡിറ്റര്‍ സ്ഥാനം രാജിവെച്ച ഷോമ ചൗധരിയുടെ മൊഴി കോടതി ഇന്നു രേഖപ്പെടുത്തി. പീഡനത്തിനിരയായ യുവതിയുടെ മൂന്നു സഹപ്രവർത്തകരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
അതിനിടെ, തേജ്പാലിനെ ഗോവ മെഡിക്കല്‍ കോളേജില്‍ ഡിഎന്‍എ പൊട്ടെന്‍സി പരിശോധനക്ക് വിധേയനാക്കി. ഗോവയിലെ സ്റ്റാര്‍ ഹോട്ടലില്‍ തേജ്പാലിനെ തെളിവെടുപ്പിനും കൊണ്ടുപോയിരുന്നു. ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് രണ്ട് തവണ തേജ്പാല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് തെഹല്ക്കയിലെ മുന്‍ ജീവനക്കാരിയായ പെണ്‍കുട്ടി പരാതിപ്പെട്ടിരിക്കുന്നത്. ബലാത്സംഗം, സ്ത്രീകളുടെ മാന്യത ലംഘിക്കല്‍ എന്നീ കുറ്റങ്ങളാണ് ഗോവ ക്രൈംബ്രാഞ്ച് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.